Skip to main content

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ നാല് സ്വകാര്യ വിമാനക്കമ്പനികള്‍ കൂടി തീരുമാനിച്ചു. ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ഗോഎയര്‍ എന്നിവയടങ്ങിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആണ് തങ്ങളുടെ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന്‍ എം.പിയെ വിലക്കാന്‍ തീരുമാനിച്ചത്.

 

എയര്‍ ഇന്ത്യയും സമാനമായ തീരുമാനം എടുത്തിരുന്നു. 60-കാരനായ ജീവനക്കാരന്‍ സുകുമാര്‍ രാമനെ മര്‍ദ്ദിച്ചതിനും യാത്ര വൈകിപ്പിച്ചതിനും കമ്പനി എം.പിക്കെതിരെ കേസും കൊടുത്തിട്ടുണ്ട്. ഇത്തരം യാത്രക്കാരെ ടിക്കറ്റ് എടുക്കുന്നതില്‍ നിന്ന്‍ തന്നെ തടയുന്ന തരത്തില്‍ ഒരു കരിമ്പട്ടിക തയ്യാറാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

 

പൂനയില്‍ നിന്ന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ബിസിനസ് ക്ലാസ് കൂപ്പണുമായി വന്നെങ്കിലും സീറ്റില്ലാത്തതിനാല്‍ എക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നതാണ്‌ ഗെയ്ക്വാദിനെ പ്രകോപിച്ചത്. എക്കോണമി ക്ലാസ് മാത്രമുള്ള വിമാനത്തിലാണ് എം.പി യാത്ര ചെയ്യാനെത്തിയത്. ജീവനക്കാരനെ താന്‍ ചെരിപ്പ് കൊണ്ട് 25 തവണ തല്ലിയതായി അവകാശപ്പെട്ട എം.പി തന്റെ ഭാഗത്ത് തെറ്റില്ലെന്നും മാപ്പ് ചോദിക്കില്ലെന്നുമുള്ള നിലപാടിലാണ്. ഡല്‍ഹിയില്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം.

 

വിമാനത്തില്‍ നിന്ന്‍ ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ഗെയ്ക്വാദ് ഉന്നത ഉദ്യോഗസ്ഥരെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അടുത്ത ഫ്ലൈറ്റിനുള്ള സമയമായതിനാല്‍ എം.പിയെ അനുനയിപ്പിക്കാന്‍ എത്തിയപ്പോഴാണ് സുകുമാര്‍ രാമനെ എം.പി ചീത്ത പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

 

ഗെയ്ക്വാദിനെ ശിവസേനാ മേധാവി ഉദ്ധവ് താക്കറെ വിളിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒസ്മാനാബാദില്‍ നിന്നുള്ള ലോക്സഭാംഗമാണ് ഗെയ്ക്വാദ്.

 

നേരത്തെ, പാര്‍ലിമെന്റ് കാന്റീനില്‍ ചപ്പാത്തി മോശമെന്ന് ആരോപിച്ച് ജീവനക്കാരന്റെ വായില്‍ കുത്തിത്തിരുകിയ വിവാദ സംഭവത്തിലും ഗെയ്ക്വാദ് ഉള്‍പ്പെട്ടിട്ടുണ്ട്. റംസാന്‍ നോമ്പ് നോക്കുന്ന ജീവനക്കാരന്റെ വായിലാണ് എം.പി അന്ന്‍ ഭക്ഷണം കുത്തിത്തിരുകിയത്.