Skip to main content

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി.ഡി.പി) വളര്‍ച്ചാ നിരക്കില്‍ 0.25 മുതല്‍ 0.5 ശതമാനം വരെ കുറവ് നോട്ടസാധുവാക്കല്‍ നടപടി മൂലം ഉണ്ടാകുമെന്ന് സാമ്പത്തിക സര്‍വേ. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി ചൊവ്വാഴ്ച പാര്‍ലിമെന്റില്‍ അവതരിപ്പിച്ച 2016-17 വര്‍ഷത്തെ സാമ്പത്തിക സര്‍വേയിലാണ് ഈ അനുമാനം.

 

അതേസമയം, 2017-18 വര്‍ഷത്തില്‍ 6.75 മുതല്‍ 7.5 ശതമാനത്തിനുള്ളിലുള്ള വളര്‍ച്ചാനിരക്കാണ് സര്‍വേ കണക്കാക്കുന്നത്. ഈ വര്‍ഷം 6.5 ശതമാനം വളര്‍ച്ചാനിരക്കാണ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സാംഖിക കാര്യാലയം ഈ മാസമാദ്യം പുറത്തുവിട്ട കണക്കില്‍ 7.1 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക സര്‍വേയിലാകട്ടെ 7.6 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്.

 

നോട്ടസാധുവാക്കല്‍ പണത്തിന്റെ ലഭ്യതയില്‍ നേരിടുന്ന ബുദ്ധിമുട്ട് 2017 ഏപ്രില്‍ വരെ തുടരുമെന്ന് സര്‍വേ പറയുന്നു. എന്നാല്‍, നടപടി മൂലം ദീര്‍ഘകാല നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് സര്‍വേ കരുതുന്നു.

 

കൂടുതല്‍ തൊഴില്‍ നല്‍കാന്‍ കഴിയുന്ന തുണി-തുകല്‍ വ്യവസായ മേഖലകളില്‍ തൊഴില്‍ നിയമങ്ങളിലും നികുതിയിലും പരിഷ്കാരം വേണമെന്ന് സര്‍വേ നിര്‍ദ്ദേശിക്കുന്നു. ആഗോള തലത്തില്‍ മത്സരക്ഷമതയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് കയറ്റിയയക്കാനുള്ള അവസരമാണിതെന്ന്‍ സര്‍വേ പറയുന്നു. സിവില്‍ വ്യോമയാനം, ബാങ്കിംഗ്, വളം മേഖലകളില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണ നടപടികളും സര്‍വേ ശുപാര്‍ശ ചെയ്യുന്നു.

Tags