500, 1000 നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ കക്ഷികള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. രാജ്യസഭ നാല് തവണ നിര്‍ത്തിവെച്ചപ്പോള്‍ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു.
പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ഇന്നലയാണ് ആരംഭിച്ചത്. രാജ്യസഭയില്‍ ഇന്നലെ തന്നെ വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ എത്തണമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു അംഗങ്ങള്‍ ഇന്ന്‍ ബഹളം വെച്ചു. സാമ്പത്തിക അരാജകത്വമാണ് സര്‍ക്കാര്‍ നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയായിരിക്കും ചര്‍ച്ചയ്ക്ക് മറുപടി പറയുക.
ഇന്നലെ ചരമോപാചാരം അര്‍പ്പിച്ച് പിരിഞ്ഞ ലോകസഭ ഇന്ന്‍ കാര്യപരിപാടികള്‍ക്കായി സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ 21 അടിയന്തര പ്രമേയങ്ങള്‍ക്ക് അവതരണ അനുമതി തേടി. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു.
തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒഴിച്ചുള്ള കക്ഷികള്‍ നോട്ടസാധുവാക്കല്‍ നടപടി പിന്‍വലിക്കണം എന്ന ആവശ്യം ഉയര്‍ത്തിയിട്ടില്ല. എന്നാല്‍, സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള നടപ്പാക്കലിനെ എല്ലാ കക്ഷികളും ശക്തമായി വിമര്‍ശിക്കുന്നു. നടപടിയെ സംബന്ധിച്ച വിവരം ബി.ജെ.പി ഘടകങ്ങള്‍ക്കും പാര്‍ട്ടിയുടെ സുഹൃത്തുക്കള്‍ക്കും നേരത്തെ ചോര്‍ന്നുകിട്ടിയതായി ആരോപിക്കുന്ന അവര്‍ ഇത് അന്വേഷിക്കാന്‍ ഒരു സംയുക്ത പാര്‍ലിമെന്ററി സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്നു.