പാക് അഭിനേതാക്കളെ ഉള്‍പ്പെടുത്തി എടുത്ത ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ സൈനിക ക്ഷേമ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം.എന്‍.എസ്) മേധാവി രാജ് താക്കറെ. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ഏ ദില്‍ ഹെ മുശ്കില്‍ എന്ന ചിത്രത്തിന്റെ റിലീസിനെതിരെ പാര്‍ട്ടി ഭീഷണിയുയര്‍ത്തിയ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിളിച്ച യോഗത്തിന് ശേഷമായിരുന്നു താക്കറെയുടെ പ്രതികരണം. പാക് താരം ഫവദ് ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കരണ്‍ ജോഹറിന് പുറമേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡുസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് മുകേഷ് ഭട്ട്, നിര്‍മ്മാതാക്കളായ സിദ്ധാര്‍ഥ് റോയ് കപൂര്‍, സാജിദ് നദിയവാല, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് പ്രതിനിധി വിജയ് സിങ്ങ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ നിരോധിച്ച സാഹചര്യത്തില്‍ ഇവിടെ എന്തിനാണ് പാക് താരങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നതെന്ന് രാജ് താക്കറെ ചോദിച്ചു. പാക് താരങ്ങളെ ഉള്‍പ്പെടുത്തില്ലെന്ന് ഭാവിയില്‍ നിര്‍മ്മാതാക്കള്‍ എഴുതി തരണമെന്നും താക്കറെ പറഞ്ഞു.
മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 28-ന് തന്നെ ഏ ദില്‍ ഹെ മുശ്കില്‍ റിലീസ് ചെയ്യുമെന്ന് മുകേഷ് ഭട്ട് പ്രതികരിച്ചു. തങ്ങള്‍ ആദ്യ ഇന്ത്യാക്കാരാണെന്നും വ്യാപാരം പിന്നീടേ വരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡുസേഴ്സ് ഗില്‍ഡോ നിര്‍മ്മാതാക്കളോ പാക് താരങ്ങളോ സാങ്കേതിക പ്രവര്‍ത്തകരോ ആയി മേലില്‍ പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയതായും ഭട്ട് പറഞ്ഞു.