Skip to main content
ന്യൂഡല്‍ഹി

agra conversion

 

ഉത്തര്‍ പ്രദേശിലെ ആഗ്രയിലും മറ്റ് പ്രദേശങ്ങളിലും നടന്നതായി ആരോപിക്കപ്പെടുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാജ്യസഭ ഡിസംബര്‍ 17 ബുധനാഴ്ച ചര്‍ച്ച ചെയ്യും. പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലിമെന്ററി കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്‌വി സഭയില്‍ പറഞ്ഞു.

 

ആഗ്രയില്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവരെ മതം മാറ്റിയ സംഭവവും ക്രിസ്മസ് ദിനത്തില്‍ ക്രിസ്തുമതത്തില്‍ പെട്ടവരെ മതം മാറ്റുമെന്ന പ്രഖ്യാപനവും കഴിഞ്ഞ രണ്ട് ദിവസമായി രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. സംഘ പരിവാര്‍ സംഘടനയായ ബജ്രംഗ് ദളിന്റെ ആഭിമുഖ്യത്തിലാണ് തിങ്കളാഴ്ച ആഗ്രയില്‍ ഏകദേശം 200 മുസ്ലിം വിഭാഗത്തില്‍ പെട്ടവരെ ഹിന്ദുമതത്തിലേക്ക് "പുന:പരിവര്‍ത്തനം" നടത്തിയത്. ക്രിസ്മസ് ദിനത്തില്‍ അലിഗഡില്‍ വെച്ച് മുസ്ലിം, ക്രിസ്തുമതങ്ങളില്‍ പെട്ട ഏകദേശം 5,000 പേരെ "പുന:പരിവര്‍ത്തനം" ചെയ്യുമെന്നും ആര്‍.എസ്.എസ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

 

ബലം പ്രയോഗിച്ചും വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആര്‍.എസ്.എസ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, ഇത് സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമാണെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ലോകസഭയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പാസാക്കണമെന്നും വിഷയത്തില്‍ വിശാലമായ ചര്‍ച്ച വേണമെന്നും പാര്‍ലിമെന്ററി കാരി മന്ത്രി വെങ്കയ്യ നായിഡു പ്രസ്താവിച്ചിരുന്നു.