Skip to main content
ന്യൂഡല്‍ഹി

modi and xi jinping

 

ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അതിര്‍ത്തിയിലെ പ്രശ്നങ്ങളും സാമ്പത്തിക സഹകരണവും ആണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. ഇരുനേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്നു.

 

ചൈനീസ് സൈനികരുടെ ഭാഗത്ത് നിന്ന്‍ ലഡാഖ് മേഖലയില്‍ ഉണ്ടാകുന്ന അതിര്‍ത്തിലംഘനങ്ങള്‍ പ്രധാനമന്ത്രി മോദി ചര്‍ച്ചയില്‍ ഉന്നയിച്ചു. ബുധനാഴ്ച രാത്രി അഹമ്മദാബാദില്‍ നടന്ന കൂടിക്കാഴ്ചയിലും മോദി വിഷയം ഉന്നയിച്ചിരുന്നു.

 

കശ്മീരിലെ ചുമാര്‍ പ്രദേശത്ത് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതായും തിരികെ പോകാന്‍ വിസമ്മതിക്കുന്നതായും ഇന്ത്യന്‍ സൈന്യം ആരോപിക്കുന്നു. ചൈനയിലെ നാടോടി വിഭാഗമായ റെബോകള്‍ ലഡാഖിലെ ദേംചോക്കില്‍ തമ്പടിച്ച് കഴിയുന്നതിനെ തുടര്‍ന്നും രണ്ട് രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തിട്ടുണ്ട്.    

 

അതേസമയം, രണ്ട് രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്ന നടപടികള്‍ക്ക് ഊന്നല്‍ നല്‍കാന്‍ പ്രസിഡന്റ് ശി ചിന്‍ഭിങ്ങ് ആവശ്യപ്പെട്ടു. വികസനമാണ് രണ്ട് രാജ്യങ്ങളുടേയും മുന്‍ഗണനയെന്നും ഒരേ വികസന ലക്ഷ്യങ്ങളാണ് ഇന്ത്യയും ചൈനയും പിന്തുടരുന്നതെന്നും വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നല്‍കിയ ഔപചാരിക സ്വീകരണത്തിനു ശേഷം ശി പറഞ്ഞു. പ്രതിനിധി തല ചര്‍ച്ചകളില്‍ വിവിധ സാമ്പത്തിക-വ്യാപാര കരാറുകളില്‍ രണ്ട് രാജ്യങ്ങളും ഒപ്പുവെക്കും. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം, റെയില്‍വേ എന്നീ മേഖലകളില്‍ വന്‍തോതിലുള്ള ചൈനീസ്‌ നിക്ഷേപം സാധ്യമാക്കുന്നതാണ് കരാറുകള്‍.   

 

വ്യാഴാഴ്ച രാവിലെ ഭാര്യ ഭംഗ് ലിയുവാനൊപ്പം രാജ് ഘട്ടിലെ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലം ശി സന്ദര്‍ശിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം ചര്‍ച്ച നടത്തി.

 

വ്യാഴാഴ്ച വൈകുന്നേരം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശിയുടെ ബഹുമാനാര്‍ഥം സംഘടിപ്പിക്കുന്ന വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും വ്യാഴാഴ്ച ശിയുമായി കൂടിക്കാഴ്ച നടത്തും. ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ വെള്ളിയാഴ്ച ശിയെ സന്ദര്‍ശിക്കും.