മലേഷ്യയിലെ മാക്സിസ് ഗ്രൂപ്പിന് ഇന്ത്യയിലെ മൊബൈല്‍ സേവനദാതാവായ എയര്‍സെല്ലിന്റെ നിയന്ത്രണം കയ്യടക്കുന്നതിനായി അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ടെലികോം വകുപ്പ് മുന്‍മന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധി മാരനെതിരെ സി.ബി.ഐ വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. എട്ടുവര്‍ഷം മുന്‍പ് നടന്ന ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മാരന്റെ സഹോദരനും സണ്‍ ഗ്രൂപ്പ് തലവനുമായ കലാനിധി മാരന്‍, മാക്സിസ് ഗ്രൂപ്പ് മേധാവിയും മലേഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനുമായ ടി. അനന്തകൃഷ്ണന്‍ എന്നിവരും പ്രതികളാണ്.
2004-2007 കാലയളവില്‍ ടെലികോം വകുപ്പ് മന്ത്രിയിരുന്ന ദയാനിധി മാരന്‍ നിര്‍ബന്ധം ചെലുത്തിയാണ് 2006-ല്‍ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍സെല്ലിന്റെ നിര്‍ണ്ണായക ഓഹരികള്‍ അനന്തകൃഷ്ണന്റെ മാക്സിസ് ഗ്രൂപ്പിന് വാങ്ങാന്‍ കഴിഞ്ഞതെന്നാണ് ആരോപണം. സണ്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് ലഭിച്ച 742 കോടി രൂപയുടെ അനധികൃത നിക്ഷേപം ഇതിന്റെ പ്രതിഫലമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സണ്‍ ഡയറക്ട് ഉള്‍പ്പെടെ രണ്ട് വ്യവസായ ഗ്രൂപ്പുകളിലെ ഏതാനും കമ്പനികളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും.
ഈ ആരോപണത്തില്‍ 2011-ല്‍ സി.ബി.ഐ മാരന്‍ സഹോദരന്‍മാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന്‍ രണ്ടാം യു.പി.എ സര്‍ക്കാറില്‍ ടെക്സ്റ്റൈല്‍സ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന ദയാനിധി മാരന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
