Skip to main content
ന്യൂഡല്‍ഹി

jan dhan yojna

 

ദരിദ്രവിഭാഗങ്ങള്‍ക്ക് ബാങ്ക് അക്കൌണ്ട് ലഭ്യമാക്കുന്നതിലൂടെ ധനകാര്യ മേഖലയിലെ തൊട്ടുകൂടായ്മ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് എന്‍.ഡി.എ സര്‍ക്കാറിന്റെ വന്‍പദ്ധതിയായ ജന ധന യോജനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച തുടക്കം കുറിച്ചു. ഉദ്ഘാടന ദിവസം രാജ്യമെമ്പാടുമായി റെക്കോര്‍ഡ് നേട്ടം കുറിച്ച് 1.5 കോടി ബാങ്ക് അക്കൌണ്ടുകള്‍ തുറന്നു.

 

സര്‍ക്കാറിന്റെ ആദ്യ നൂറു ദിവസത്തിനുള്ളില്‍ ആരംഭിക്കുന്ന ഈ വന്‍പദ്ധതിയുടെ ഭാഗമായി 2015 ജനുവരി 26-നകം 7.5 കോടി ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സീറോ ബാലന്‍സ് അക്കൌണ്ട്, രുപേ ഡെബിറ്റ് കാര്‍ഡ്, 30,000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ്, ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി അക്കൌണ്ട് ഉടമയ്ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍. ആറു മാസത്തിന് ശേഷം 5,000 രൂപ വരെ വായ്പ എടുക്കാവുന്ന ഓവര്‍ഡ്രാഫ്റ്റ് സേവനവും ലഭ്യമാക്കും.

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 20 മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പദ്ധതിയ്ക്ക് ഒരേസമയം തുടക്കം കുറിച്ചു. കേരളത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൗഡയാണ് കൊച്ചിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആകെ 600 പരിപാടികളും ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനുള്ള 77,582 ക്യാംപുകളും പദ്ധതിയുടെ ഭാഗമായി ആദ്യദിവസം നടന്നു.