പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതുചടങ്ങുകളില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ കൂവല്‍ പ്രയോഗം. ഹരിയാനയില്‍ മോദി പങ്കെടുത്ത ചടങ്ങില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡയെ കൂവിയതിനെ തുടര്‍ന്ന്‍ മോദി പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്ന്‍ പരമാവധി വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച റാഞ്ചിയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറനേയും ബി.ജെ.പി പ്രവര്‍ത്തകര്‍ കൂവിയിട്ടുണ്ട്.
പ്രോട്ടോക്കോള്‍ അനുസരിച്ച് ഒഴിവാക്കാന്‍ പറ്റാത്തവ ഒഴിച്ചുള്ള മോദിയുടെ പൊതുചടങ്ങുകളില്‍ നിന്ന്‍ വിട്ടുനില്‍ക്കാനാണ് ബുധനാഴ്ച കോണ്‍ഗ്രസ് തങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രചാരണത്തിനായി മോദിയുടെ പൊതുചടങ്ങുകള്‍ ബി.ജെ.പി ഉപയോഗിക്കുകയാണ് എന്ന് കുറ്റപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ നടപടി. ആത്മാഭിമാനത്തിന് വില കല്‍പ്പിക്കുന്നുവെങ്കില്‍ മോദിയുടെ ചടങ്ങുകളില്‍ നിന്ന്‍ വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ കക്ഷികളിലെ മുഖ്യമന്ത്രിമാരും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
എന്നാല്‍, പ്രധാനമന്ത്രിയെ അപമാനിക്കുകയും ഭരണഘടനാ മര്യാദകള്‍ ലംഘിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഹരിയാനയിലെ സംഭവം മുഖ്യമന്ത്രിയോടും സര്‍ക്കാറിനോടുമുള്ള ജനങ്ങളുടെ ദേഷ്യമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബി.ജെ.പി പറയുന്നു.
റാഞ്ചിയിലെ ചടങ്ങില്‍ രാഷ്ട്രീയ വ്യതാസം ഒരു ദിവസത്തേക്ക് മറക്കാനും വേദിയെ മാനിക്കാനും ഹേമന്ത് സൊറന്‍ ആവശ്യപ്പെട്ടെങ്കിലും കൂവല്‍ ശക്തമാകുകയായിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവാണ് സൊറന്‍. വ്യാഴാഴ്ച തന്നെ നാഗ്പൂരില്‍ മോദി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ നിന്ന്‍ വിട്ടുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവായ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച വിദര്‍ഭയില്‍ മോദി പങ്കടുത്ത ചടങ്ങില്‍ ചവാനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂവിയിരുന്നു. മോദിയ്ക്കൊപ്പം ഇനി വേദി പങ്കിടില്ലെന്ന് ഭൂപീന്ദര്‍ സിങ്ങ് ഹൂഡയും പറഞ്ഞിട്ടുണ്ട്.