Skip to main content
ഗുവാഹത്തി

assam army flag march

 

പോലീസ് വെടിവെപ്പില്‍ മൂന്ന്‍ പേര്‍ മരിച്ച അസ്സമിലെ ഗോലഘട്ടില്‍ സൈന്യം വ്യാഴാഴ്ച ഫ്ലാഗ് മാര്‍ച്ച് നടത്തി. നാഗാലാന്‍ഡ്‌ അതിര്‍ത്തിയിലുള്ള ഈ പ്രദേശത്ത് ബുധനാഴ്ച മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശത്ത് സ്ഥിതി സംഘര്‍ഷ ഭരിത്മാണ്.

 

അസ്സം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയും നാഗാലാ‌‍ന്‍ഡ് മുഖ്യമന്ത്രി ടി.ആര്‍ സെലിയാങ്ങും തമ്മില്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഗുവാഹത്തിയില്‍ എത്തിയിട്ടുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരെന്‍ റിജ്ജു ഇരു മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തും. റിജ്ജു ഗോലഘട്ടും സന്ദര്‍ശിക്കും.

 

കഴിഞ്ഞ ആഴ്ച നാഗ സംഘങ്ങളുടെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആള്‍ ആദിവാസി സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഓഫ് അസ്സം പ്രവര്‍ത്തകരും മറ്റ് സംഘടനകളും ചേര്‍ന്ന് നാഗാലാ‌‍ന്‍ഡ് അതിര്‍ത്തിയില്‍ ദേശീയപാത ഉപരോധിക്കാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം കനത്തത്. നിരോധനാജ്ഞ ലംഘിച്ച് പോലീസ് സ്റ്റേഷനിലേക്ക് ഇവര്‍ നടത്തിയ മാര്‍ച്ചിന് നേരെയുള്ള വെടിവെപ്പിലാണ് മൂന്ന്‍ പേര്‍ മരിച്ചത്. ചൊവ്വാഴ്ചയും പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തിരുന്നു.

 

ഒരു നാഗ സ്വദേശിയും അസ്സമിലെ ഒരാളും തമ്മിലുള്ള ഭൂമിതര്‍ക്കമാണ് ഇപ്പോഴത്തെ സംഘര്‍ഷമായി വളര്‍ന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ഒരു കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രശ്നപരിഹാരത്തിന് ഒരു മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ 200 കമ്പനി ഇതിനകം മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ദേശീയപാത ഉപരോധത്തെ തുടര്‍ന്ന്‍ നാഗാലാ‌‍ന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്ക് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായുള്ള കരമാര്‍ഗ്ഗമുള്ള ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്.