Skip to main content
ന്യൂഡല്‍ഹി

narendra modiപുതിയ 19 നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയമായ നിഷ്പക്ഷത പുലര്‍ത്തണമെന്നും അര്‍ഹത മാത്രം മാനദണ്ഡമാക്കി തീരുമാനമെടുക്കണമെന്നും ജനങ്ങളോട്, പ്രത്യേകിച്ച് ദരിദ്രരോടും ദുര്‍ബ്ബല വിഭാഗങ്ങളോടും, മര്യാദാപൂര്‍ണ്ണമായി പെരുമാറണമെന്നും പുതിയ വകുപ്പുകള്‍ നിര്‍ദ്ദേശിക്കുന്നു.

 

ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കുന്ന പൊതു ചുമതലകളില്‍ എന്തെങ്കിലും വ്യക്തിപര താല്‍പ്പര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് പരസ്യപ്പെടുത്തണമെന്ന്‍ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെ തീരുമാനങ്ങള്‍ എടുക്കരുതെന്നും നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.

 

സര്‍ക്കാര്‍ കാര്യങ്ങളില്‍, പ്രത്യേകിച്ചും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതോ രാജ്യത്തിന്റെ തന്ത്രപര, ശാസ്ത്രീയ, സാമ്പത്തിക താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടതോ വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തെ ബാധിക്കുന്നതോ പോലുള്ളവയില്‍,  രഹസ്യാത്മകത പുലര്‍ത്താന്‍ ചട്ടം ആവശ്യപ്പെടുന്നു.

 

പ്രൊഫഷനല്‍ സമീപനത്തോടെ പ്രവര്‍ത്തിക്കാനും പൊതുവിഭവങ്ങള്‍ പരമാവധി മെച്ചപ്പെട്ട രീതിയില്‍ വിനിയോഗിക്കാനും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

 

നേരത്തെ, വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്നെ നേരില്‍ ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.