Skip to main content
ന്യൂഡല്‍ഹി

dalbir singh suhagഇന്ത്യന്‍ കരസേനയുടെ 26-ാമത് മേധാവിയായി ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗ് വ്യാഴാഴ്ച ചുമതലയേറ്റു. ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ വെച്ച് സ്ഥാനമൊഴിയുന്ന ജനറല്‍ ബിക്രം സിങ്ങ് കരസേനാ മേധാവിയുടെ ബാറ്റണ്‍ ജനറല്‍ സുഹാഗിന് കൈമാറി. 59-കാരനായ സുഹാഗിന് പദവിയില്‍ 30 മാസം കാലാവധിയുണ്ട്.

 

കരസേനാ മേധാവിയായുള്ള സുഹാഗിന്റെ നിയമനം നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. യു.പി.എ സര്‍ക്കാറിന്റെ കാലാവധി തീരാനിരിക്കെ നടത്തിയ നിയമനത്തെ പ്രതിപക്ഷമായ ബി.ജെ.പി ചോദ്യം ചെയ്യുകയും തീരുമാനം അടുത്ത സര്‍ക്കാറിന് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സുഹാഗിന്റെ നിയമനവുമായി മുന്നോട്ടുപോകുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.

 

മുന്‍ കരസേനാ മേധാവിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ വി.കെ സിങ്ങ് സുഹാഗിനെ കരസേനാ മേധാവി ആക്കാനുള്ള തീരുമാനത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. സുഹാഗ് കിഴക്കന്‍ മേഖലാ കമാണ്ടര്‍ ആയിരിക്കെ അസ്സമില്‍ നടന്ന ഒരു സൈനിക നടപടിയുടെ പേരില്‍ അന്ന്‍ കരസേനാ മേധാവി ആയിരുന്ന സിങ്ങ് സുഹാഗിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കരസേനാ മേധാവിയായി സുഹാഗിന്റെ സ്ഥാനക്കയറ്റം തടഞ്ഞേക്കാവുന്ന ഈ നടപടി സിങ്ങിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ ജനറല്‍ ബിക്രം സിങ്ങ് പിന്‍വലിക്കുകയായിരുന്നു.

 

1974-ല്‍ ഗൂര്‍ഖ റൈഫിള്‍സില്‍ ഓഫീസറായി ചേര്‍ന്ന സുഹാഗ് 1987-ല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന സേനയില്‍ കമ്പനി കമാണ്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003-നും 2005-നും ഇടയില്‍ കാശ്മീരില്‍ സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം കൊടുത്തു. 2007-08ല്‍ കാര്‍ഗിലില്‍ സേനയുടെ എട്ടാം പര്‍വത ഡിവിഷന്റെ കമാണ്ടര്‍ ആയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സേനയുടെ ഉപമേധാവി ആയി.