നൃപേന്ദ്ര മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയ നടപടിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മുന്‍ ചെയര്‍മാന്‍ മിശ്രയ്ക്ക് പദവി സ്വീകരിക്കുന്നതിനു തടസ്സമായ ട്രായ് ആക്ട് ഭേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ലോക് സഭയില്‍ കോണ്‍ഗ്രസ്, ഇടത് കക്ഷികളുടെ ബഹളത്തിന് ഇടയാക്കിയത്.
ട്രായ് നിയമം അനുസരിച്ച് ചെയര്‍മാനും മറ്റ് അംഗങ്ങള്‍ക്കും നിയമനകാലാവതി കഴിഞ്ഞാലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. ഈ വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഒരാള്‍ക്കു വേണ്ടി സര്‍ക്കാര്‍ തിടുക്കത്തില്‍ ഓര്‍ഡിനന്‍സു കൊണ്ടുവന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം.
എന്നാല്‍ സര്‍ക്കാരിന് ടെലികോം അതോറിറ്റിയില്‍ ഏതു നിയമം കൊണ്ടുവരുന്നതിനും പൂര്‍ണ്ണ അധികാരമുണ്ടെന്നും വ്യക്തമായ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നു ഉത്തമ വിശ്വാസമുണ്ടെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ട്രായ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഓര്‍ഡിനന്‍സ് പാസ്സാക്കിയെങ്കില്‍ മാത്രമേ നിയമമാകുകയുള്ളൂ.