Skip to main content
ന്യൂഡല്‍ഹി

 

എല്ലാ മേഖലകളിലും വിദേശനിക്ഷേപം അനുവദിക്കുമെന്നും പ്രതിരോധമേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്നും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മോദി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റിലാണ് ധനമന്ത്രി നയം വ്യക്തമാക്കിയത്. പണപ്പെരുപ്പം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും 7-8 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിട്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും അതിനാല്‍ വരുമാനത്തില്‍ അധികം ചെലവ് ചെയ്യാന്‍ കഴിയില്ലെന്നും നികുതി-ജി.ഡി.പി നിരക്ക് ഉയര്‍ത്തേണ്ടതുണ്ടെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

 

ചരക്ക് സേവന നികുതി നടപ്പിലാക്കുമെന്നും ഇതിനായി നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പാവങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ദാരിദ്രനിര്‍മാര്‍ജന പദ്ധതികള്‍ ലക്ഷ്യം കാണുന്നുവെന്ന് ഉറപ്പാക്കണം. നികുതി-ജി.ഡി.പി അനുപാതം മെച്ചപ്പെടുത്തി നികുതിയേതര വരുമാനം കൂട്ടുമെന്നും ബജറ്റ് പറയുന്നു. ഉത്പാദന മേഖലയിലെ വളര്‍ച്ച പ്രധാന ലക്ഷ്യമാണെന്നും സ്‌കില്‍ ഇന്ത്യ ദേശീയ നൈപുണ്യ പദ്ധതി, കിസാന്‍ വികാസ് പത്ര് സമ്പാദ്യ പദ്ധതി എന്നിവ തിരിച്ചുകൊണ്ടുവരുമെന്നും പുതിയ രാസവള നയം രൂപീകരിക്കുമെന്നും എന്നാല്‍ ബാധ്യത ഉണ്ടാക്കുന്ന ഒരു നികുതി നിര്‍ദേശവും കൊണ്ടുവരില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

 

ചിലവ് കുറഞ്ഞ വീടുകള്‍ക്കുള്ള വായ്പാ വ്യവസ്ഥകളില്‍ ഇളവ് വരുത്താനും 100 ഉന്നതനിലവാരമുള്ള നഗരങ്ങള്‍ സ്ഥാപിക്കാനും കറന്‍സിയില്‍ ബ്രെയിലി ലിപിയും ഉള്‍പ്പെടുത്താനും ഒമ്പത് വിമാനത്താവളങ്ങളില്‍ ഇ വിസ സമ്പ്രദായം നടപ്പിലാക്കാനും ഹരിയാനയിലും തെലങ്കാനയിലും ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാനും ബജറ്റ് വ്യവസ്ഥ ചെയ്യുന്നുണ്ട്.

 

അതേസമയം കേരളത്തിന് ഐ.ഐ.ടി അനുവദിച്ചു. എന്നാല്‍ കേരളം പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ലഭിച്ചില്ല. നാല് പുതിയ എയിംസ് രാജ്യത്ത് തുടങ്ങുന്നുണ്ട്. ഇതിനായി 500 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവടങ്ങളിലാണ് പുതിയ എയിംസ് തുടങ്ങുക. പാലക്കാട്ട് ഐ.ഐ.ടി സ്ഥാപിക്കാനായി 472 ഏക്കര്‍ സ്ഥലം കേരളം ഇതിനോടകം ഏറ്റെടുത്ത് നല്‍കിയിരുന്നു.