Skip to main content
ലക്‌നൗ

 

കൂട്ടബലാത്സംഗങ്ങളുടെയും ക്രമസമാധാന തകർച്ചയുടെയും പേരില്‍ പ്രതിഛായ നഷ്ടപ്പെട്ട ഉത്തർപ്രദേശ് സർക്കാരിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് അഴിച്ചുപണി നടത്തി. ഭരണം മെച്ചപ്പെടുത്തി സംസ്ഥാനത്തിന്റെ പ്രതിഛായ മാറ്റുകയാണ് ലക്‌ഷ്യം. ഞായറാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് വകുപ്പുമാറ്റം.

 

കാബിനറ്റ് റാങ്കിലുള്ള ഒന്‍പത് മന്ത്രിമാരടക്കം 15 പേരെ ചെറിയ വകുപ്പുകളിലേക്ക് മാറ്റുകയും ഒരു മന്ത്രിയെ പുറത്താക്കുകയും ചെയ്തു. മാറ്റിയ വകുപ്പുകളിൽ ആറെണ്ണം അഖിലേഷ് ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ അഖിലേഷിന്റെ വകുപ്പുകളുടെ എണ്ണം 49 ആയി.വിനോദ നികുതി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന താജ് നരെയ്ൻ പാണ്ഡെയാണ് ഒഴിവാക്കപ്പെട്ട മന്ത്രി.

 

യു.പിയില്‍ സ്ത്രീകള്‍ക്കെതിരായി ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം നല്‍കാനും അഖിലേഷ് യാദവ് നിര്‍ദേശം നല്കിയിട്ടുണ്ട്. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അഖിലേഷ് യാദവ് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. 1090 വുമണ്‍ ഹെല്‍പ് ലൈന്‍ കേന്ദ്രങ്ങളും യു.പിയില്‍ തുറന്നിട്ടുണ്ട്.

Tags