ഉത്തര്‍പ്രദേശിലെ ബദ്വാനില്‍ വീണ്ടും കൂട്ടബലാത്സംഗം. മുപ്പത്തിരണ്ടുകാരിയെ പോലീസ് ഉദ്യോഗസ്ഥന്റെ മകനടക്കം മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. പോലീസുകാരന്റെ മകനായ ഹിമാന്‍ഷുവാണ് കേസിലെ പ്രധാന പ്രതി.ബദ്വാനിലെ ബസൗളിയിലാണ് വെള്ളിയാഴ്ച വൈകുന്നേരം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
മക്കളോടൊപ്പം മരുന്ന് വാങ്ങാന്‍ പോയ യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പൂട്ടിയിട്ട് മറ്റ് രണ്ടുപേരോടൊപ്പം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേന്നാണ് ഇവരെ വിട്ടയച്ചത്. വീട്ടിലെത്തിയതിന് ശേഷം ഇവര്‍ നാട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതി കൊടുത്തു.
ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ കൂട്ട ബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാണ്. മെയ് 28-ന് രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കിയ ബദ്വാനിനില്‍ തന്നെയാണ് ഇപ്പോഴത്തെ സംഭവവും. അതിനിടെ ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ബദ്വാനിലെത്തി തെളിവെടുപ്പ് തുടങ്ങി. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം വീഡിയോ സംഘം പരിശോധിക്കും. പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമേ ബലാത്സംഗത്തിനിരയായുള്ളു എന്നാണ് പൊലീസ് പറയുന്നത്.

