ന്യൂഡല്‍ഹി
പ്രമുഖ ഐ.ടി കമ്പനി ഇന്‍ഫോസിസിന്റെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിങ്ങ് ഡയറക്ടറുമായി വിശാല്‍ സിക്ക ചുമതലയേല്‍ക്കും. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവിലെ സി.ഇ.ഒയും എം.ഡിയുമായ എസ്.ഡി ഷിബുലാല്‍ ആഗസ്റ്റ് ഒന്നിന് സ്ഥാനമൊഴിയും.
കമ്പനിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എക്സിക്യുട്ടീവ് ചെയര്മാന് സ്ഥാനം ഏറ്റെടുത്ത എന്‍.ആര് നാരായണ മൂര്‍ത്തിയും ജൂണ്‍ 14-നു സ്ഥാനമൊഴിയും. മൂര്‍ത്തിയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്റ് ആയി കമ്പനിയില്‍ എത്തിയ മകന് രോഹന് ഇതേദിവസം കമ്പനിയില്‍ നിന്ന് ഒഴിയും. കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ മൂര്‍ത്തി ഒക്ടോബര്‍ ഒന്ന് മുതല്‍ ചെയര്മാന് എമിററ്റസ് എന്ന പദവിയില്‍ പ്രവര്‍ത്തിക്കും.
സാപ് എ.ജി എന്ന കമ്പനിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായിരുന്നു സിക്ക.

