Skip to main content
ന്യൂഡല്‍ഹി

പാര്‍ലിമെന്റില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞ കാര്യങ്ങളെല്ലാം തങ്ങള്‍ക്ക് പ്രധാനമാണെന്നും പുതിയ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് അത് പ്രചോദനമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം ലോകസഭ പാസ്സാക്കി.

 

നയപ്രഖ്യാപന പ്രസംഗം തങ്ങള്‍ക്ക് ആചാരമോ ചടങ്ങോ അല്ലെന്നും പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. നന്ദിപ്രമേയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

 

അഴിമതിയില്‍ നിന്ന്‍ നൈപുണിയിലേക്ക് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. പ്രതിപക്ഷത്തില്‍ നിന്ന്‍ നിര്‍മ്മാണാത്മകമായ വിമര്‍ശനം ക്ഷണിക്കുന്നതായും അവരുടെ നിര്‍ദ്ദേശങ്ങള്‍ ഭരണത്തില്‍ ഉള്‍പ്പെടുത്തുമെന്നും മോദി പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വികസനം ജനങ്ങള്‍ക്ക് മോദി വാഗ്ദാനം ചെയ്തു.