Skip to main content
ന്യൂഡല്‍ഹി

 

ദാരിദ്ര നിര്‍മാര്‍ജനത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കുമെന്നും ഭക്ഷ്യ വിലക്കയറ്റം തടയുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നടത്തിയത്. സര്‍വ്വര്‍ക്കുമൊപ്പം സര്‍വ്വരുടെയും വളര്‍ച്ച എന്നതാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം.

 

ആണവോര്‍ജ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും ആണവകരാറുകള്‍ നടപ്പാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. അഴിമതിക്ക് ഇനി സ്ഥാനമുണ്ടാകില്ലെന്നും നയപ്രഖ്യാപനം ഉറപ്പുനല്‍കുന്നു. ഭീകരതയോട് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.

 

രാജ്യത്ത് സമഗ്ര ആരോഗ്യനയം നടപ്പാക്കുമെന്നും പാര്‍ലമെന്റില്‍ 33 ശതമാനം വനിത സംവരണം കൊണ്ടുവരുമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ എന്ന പേരില്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പുതിയ പദ്ധതി ആവിഷ്‌കരിക്കും. രാജ്യത്ത് ഇ- ഭരണം നടപ്പാക്കുമെന്നും കള്ളപ്പണം തിരിച്ച് കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.