Skip to main content
ന്യൂഡല്‍ഹി

 

പതിനാറാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. നരേന്ദ്ര മോദിയാണ് ആദ്യം സത്യ പ്രതിഞ്ജ നടത്തിയത് . തുടര്‍ന്ന് എല്‍.കെ അദ്വാനി, സോണിയാ ഗാന്ധി എന്നിവര്‍ സത്യ പ്രതിജ്ഞ ചെയ്തു. ടേം സ്പീക്കര്‍ കമല്‍നാഥിന്റെ മുമ്പിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ നടത്തിയത്.

 

ഇന്‍ഡോറില്‍ നിന്നുള്ള ലോക്‌സഭാംഗവും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ സുമിത്ര മഹാജന്‍ ലോക്‌സഭ സ്‌പീക്കര്‍ ആകും. ലോക്‌സഭയില്‍ കാല്‍ നൂറ്റാണ്ട്‌ തികയ്‌ക്കുന്ന സുമിത്രയ്‌ക്ക് ഏറ്റവും കൂടുതല്‍ കാലം ലോക്‌സഭാംഗമായ വനിത എന്ന ഖ്യാതിയുമുണ്ട്‌. 1989 മുതല്‍ ലോക്‌സഭാംഗമാണ്‌ എഴുപത്തിയൊന്നുകാരിയായ സുമിത്ര മഹാജന്‍. 2002-2004 കാലഘട്ടത്തില്‍ വാജ്‌പേയി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു ഇവര്‍.

 

അതേസമയം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനുള്ള ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. കാര്‍ഷിക മേഖലയിലെയും സാമൂഹ്യരംഗത്തെയും വിദഗ്ധരുമായാണ് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്ന് പ്രാഥമിക ചര്‍ച്ചകള്‍ നടത്തുക. ജൂലൈ ആദ്യവാരം തന്നെ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്ന് അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.