Skip to main content

modi and keqiang

 

ചൈനീസ് പ്രധാനമന്ത്രി ലി കെഛിയാങ്ങ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച ഫോണില്‍ സംഭാഷണം നടത്തി. തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ മോദിയെ അഭിനന്ദിച്ച ലി ഇന്ത്യയുടെ പുതിയ സര്‍ക്കാറുമായി ശക്തമായ പങ്കാളിത്തം ഉറപ്പുവരുത്താനും രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ചൈന ആഗ്രഹിക്കുന്നതായും പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രനേതാക്കളെ ഒഴിവാക്കിയാല്‍ ആദ്യമായി മോദിയുമായി നേരിട്ടു സംഭാഷണം നടത്തുന്ന ലോകനേതാവാണ് ചൈനീസ് പ്രധാനമന്ത്രി.

 

ഇന്ത്യയുടെ വിദേശനയത്തില്‍ ചൈന ഒരു മുന്‍ഗണനയായിരിക്കുമെന്നും ചൈനയുമായുള്ള ഇന്ത്യയുടെ തന്ത്രപര സഹകരണ പങ്കാളിത്തത്തിന്റെ മുഴുവന്‍ സാധ്യതയും ഉപയോഗപ്പെടുത്തുന്നതിന് തന്റെ സര്‍ക്കാര്‍ ശ്രമിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളുടേയും വികസന ലക്ഷ്യങ്ങളുടെ വീക്ഷണകോണില്‍ പരിഹരിക്കുന്നതിന് ചൈനീസ് നേതൃത്വവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ആഗ്രഹവും മോദി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സാമ്പത്തിക സഹകരണവും മോദി സ്വാഗതം ചെയ്തു.  

 

ഉന്നതതല സന്ദര്‍ശനങ്ങളും ആശയവിനിമയങ്ങളും തുടര്‍ച്ചയായി നടത്താന്‍ ഇരു നേതാക്കളും തീരുമാനിച്ചു. ചൈനീസ്‌ പ്രസിഡന്റ് ശി ജിന്‍പിങ്ങിനെ ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ മോദി ക്ഷണിച്ചിട്ടുണ്ട്.