ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പിനെ ചൊല്ലി ഉയര്‍ന്ന വിവാദം തുടരുന്നു. 370-ാം വകുപ്പ് സംബന്ധിച്ച സംവാദത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും വകുപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചേക്കാമെന്നുമുള്ള പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജീതേന്ദ്ര സിങ്ങിന്റെ പ്രസ്താവന കശ്മീരി ജനതയെ അകറ്റാനേ ഉപകരിക്കൂ എന്ന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ബുധനാഴ്ച പറഞ്ഞു.
വിവാദത്തെ തുടര്‍ന്ന്‍ ജമ്മു കശ്മീര്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ (എന്‍.സി) കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ടി നേതാവ് ഫാറൂഖ് അബ്ദുളളയുടെ വസതിയിലാണ് ബുധനാഴ്ച രാവിലെ യോഗം നടന്നത്.
വകുപ്പ് കൊണ്ട് സംസ്ഥാനത്തിന് പ്രയോജനം ഒന്നും ഉണ്ടായിട്ടില്ലെന്നും വകുപ്പ് നീക്കം ചെയ്യേണ്ടതാണെന്നുമാണ് ജമ്മു കശ്മീരില്‍ നിന്നുള്ള നേതാവ് കൂടിയായ മന്ത്രി ജീതേന്ദ്ര സിങ്ങ് പറഞ്ഞത്. ഈ പ്രസ്താവന തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്ന് പിന്നീട് മന്ത്രി വിശദീകരിച്ചു.
എന്നാല്‍, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ശക്തമായ ഭാഷയിലാണ് ഈ റിപ്പോര്‍ട്ടുകളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സംസ്ഥാനവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ഒരേയൊരു ഭരണഘടനാ ബന്ധമാണ് വകുപ്പെന്നും ഇത് പിന്‍വലിക്കുകയാണെങ്കില്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ലെന്നും ഒമര്‍ പറഞ്ഞു. ഭരണഘടനാ നിര്‍മ്മാണ സഭ വീണ്ടും വിളിച്ചുചേര്‍ക്കാതെ വകുപ്പ് പിന്‍വലിക്കാന്‍ കഴിയില്ലെന്നും ഒമര്‍ പറഞ്ഞു. കശ്മീരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തിയും സിങ്ങിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു.
എന്നാല്‍, ഒമറിനോടുള്ള ആര്‍.എസ്.എസ് നേതാവ് റാം മാധവിന്റെ പ്രതികരണം വിവാദം കടുപ്പിച്ചു. ജമ്മു കശ്മീരിനെ ഒമര്‍ അബ്ദുള്ള തന്റെ കുടുംബ സ്വത്തായിട്ടാണ് കാണുന്നതെന്നും 370-ാം വകുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നുമായിരുന്നു റാം മാധവിന്റെ പരാമര്‍ശം.
