ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോഡി തിങ്കളാഴ്ച വൈകിട്ട് 6.10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മോഡിയ്ക്കും മന്ത്രിസഭാംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് മോഡി സത്യപ്രതിജ്ഞ ചെയ്തത്. നരേന്ദ്ര മോഡി അടക്കം 24 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരും 11 സഹമന്ത്രിമാരും അടങ്ങുന്ന 45 അംഗങ്ങളാണ് മോഡി മന്ത്രിസഭയില്‍ ഉണ്ടാകുക.
4000 പേരോളം വരുന്ന അതിഥികളാണ് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ എത്തിയത്. മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി ദേവ ഗൌഡ, മന്‍മോഹന്‍ സിങ്ങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാംസ്കാരിക നായകര്‍, വ്യവസായ പ്രമുഖര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏഴു സാര്‍ക്ക് രാഷ്ട്രങ്ങളിലേയും മൌറീഷ്യസിലേയും ഭരണ-രാഷ്ട്ര തലവര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ്, ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെ, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്റാള, ഭൂട്ടാന്‍ പ്രധാനമന്ത്രി ല്യോന്‍ചാന്‍ ഷെറിങ്ങ് തോഗ്ബെ, മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍ അബ്ദുല്‍ ഗയൂം, മൌറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലം എന്നിവര്‍ ചടങ്ങിനെത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രതിനിധീകരിച്ച് സ്പീക്കര്‍ ഷിറിന്‍ ചൗധരിയാണ് പങ്കെടുത്തത്. ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ് ഹസീന. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ പ്രാദേശിക കൂട്ടായ്മയായ സാര്‍ക്ക് നേതാക്കളെ ക്ഷണിക്കുന്നത്.
രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ എത്തി മോഡി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. അതിന് ശേഷം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ വസതിയിലെത്തിയും മോഡി സന്ദര്‍ശിച്ചു. തുടര്‍ന്ന്‍ ഗുജറാത്ത് ഭവനിലെത്തിയ മോഡി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തി.
മന്ത്രിസഭാംഗങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പുറമേ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, സദാനന്ദ ഗൌഡ, ഗോപിനാഥ് മുണ്ടെ, കല്‍രാജ് മിശ്ര, മനേക ഗാന്ധി, അനന്ത് കുമാര്‍, രവി ശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ്ങ് തോമാര്‍, ജുവല്‍ ഒറാം, തവാര്‍ ചന്ദ് ഗെഹ്ലോട്ട്, സ്മൃതി ഇറാനി, ഉമാ ഭാരതി, നജ്മ ഹെപ്തുള്ള, രാധാമോഹന്‍ സിങ്ങ്, ഹര്‍ഷ വര്‍ദ്ധന്‍ എന്നീ 19 പേരാണ് ക്യാബിനറ്റിലെ ബി.ജെ.പി മന്ത്രിമാര്‍. നാല് സഖ്യകക്ഷികള്‍ക്ക് ഓരോ ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചു. ലോക് ജനശക്തി പാര്‍ട്ടി മേധാവി റാം വിലാസ് പാസ്വാന്‍, ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ്ങ് ബാദലിന്റെ ഭാര്യയുമായ ഹര്‍സിമ്രാട്ട് കൗര്‍, തെലുങ്കുദേശം പാര്‍ട്ടി നേതാവ് അശോക് ഗജപതി രാജു, ശിവസേന നേതാവ് അനന്ത് ഗീതെ എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാരാകുക.
സ്വതന്ത്ര ചുമതലയുള്ള പത്ത് സഹമന്ത്രിമാരും ബി.ജെ.പി പ്രതിനിധികളാണ്. മുന്‍ കരസേനാ മേധാവി വി.കെ സിങ്ങ്, റാവു ഇന്ദ്രജിത്ത് സിങ്ങ്, സന്തോഷ് കുമാര്‍ ഗംഗ്വര്‍, ശ്രിപദ് നായക്, ധര്‍മേന്ദ്ര പ്രധാന്‍, സര്‍ബാനന്ദ സോനോവാള്‍, പ്രകാശ് ജാവേദ്‌കര്‍, പീയുഷ് ഗോയല്‍, ഡോ. ജീതേന്ദ്ര സിങ്ങ്, നിര്‍മല സീതാരാമന്‍ എന്നിവര്‍ക്കാണ് സ്വതന്ത്ര ചുമതലയോടെ സഹമന്ത്രിസ്ഥാനം ലഭിക്കുക.
11 സഹമന്ത്രിമാരില്‍ ഒരാളൊഴികെ എല്ലാവരും ബി.ജെ.പി പ്രതിനിധികളാണ്. ജി.എം സിദ്ധേശ്വര, മനോജ് സിന്‍ഹ, പൊന്‍ രാധാകൃഷ്ണന്‍, കിരെന്‍ റിജു, കൃഷന്‍ പാല്‍ ഗുജ്ജര്‍, സഞ്ജീവ് കുമാര്‍ ബല്യന്‍, മന്‍സുഖ്ഭായ് ധന്‍ജിഭായ് വാസവ, റാവുസാഹബ് ദാദാറാവു ദാന്‍വെ, വിഷ്ണുദേവ് സഹായി, സുദര്‍ശന്‍ ഭഗത് എന്നീ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ബീഹാറിലെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുഷ്വഹയെയാണ് സഹമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്.