Skip to main content

india gate

 

ലോകത്തിലെ 1,600 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും മലിനമായ വായു ഡല്‍ഹിയിലേതെന്ന് യു.എന്‍ ഏജന്‍സിയായ ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്.ഒ). എന്നാല്‍, കണ്ടെത്തല്‍ പക്ഷപാതപരവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് ഇന്ത്യ.

 

91 രാഷ്ട്രങ്ങളിലെ 1,600 നഗരങ്ങളില്‍ വായുവിലുള്ള 2.5 മൈക്രോമീറ്ററിലും താഴെ വ്യാസമുള്ള ചെറുകണങ്ങളുടെ സാന്ദ്രതയാണ് ഡബ്ലിയു.എച്ച്.ഒ പഠനവിധേയമാക്കിയത്. പി.എം 2.5 എന്നറിയപ്പെടുന്ന ഈ കണങ്ങളുടെ ഡല്‍ഹിയിലെ ശരാശരി സാന്ദ്രത 153 ആണ്. പുകമഞ്ഞിന് കുപ്രസിദ്ധിയാര്‍ജിച്ച ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍ ഇത് 56 മാത്രമാണ്. ഡല്‍ഹിയില്‍ ഉള്ളതിന്റെ പത്തിലൊന്ന് മാത്രമാണ് ലണ്ടനില്‍ ഉള്ളത്. എന്നാല്‍, ഈ കണക്കുകള്‍ താരതമ്യം ചെയ്യാനാകില്ലെന്നും സംഘടന വ്യക്തമാക്കുന്നുണ്ട്.

 

എന്നാല്‍, ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ കൃത്യമായ വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് ഔദ്യോഗിക ഏജന്‍സിയായ സഫര്‍ അറിയിച്ചു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പത്ത് ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ഉപയോഗിച്ചാണ്‌ ഇത് തയ്യാറാക്കുന്നതെന്നും ഏജന്‍സി പറഞ്ഞു.

 

2010-2013 കാലയളവില്‍ ഡല്‍ഹിയിലെ അഞ്ച് നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമാണ് ഡബ്ലിയു.എച്ച്.ഒ പഠനത്തിന്റെ ആധാരം. 2010-ലെ കണക്കുകള്‍ ഉപയോഗിച്ചാണ് ചൈനയിലെ സ്ഥിതി പഠിച്ചിട്ടുള്ളത്. 2011-14 കാലയളവില്‍ ബീജിങ്ങിലെ യു.എസ് സ്ഥാനപതി കാര്യാലയത്തില്‍ നിന്നുള്ള കണക്കുകള്‍ തങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും കൃത്യമായ താരതമ്യത്തിന് ഇത് സഹായിക്കുമെന്നും സഫര്‍ കൂട്ടിച്ചേര്‍ത്തു.    

 

എളുപ്പത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്ന പി.എം 2.5 കണങ്ങള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിന് തകരാറുണ്ടാക്കുന്നതും ശ്വാസനാള വീക്കം, ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകാവുന്നതുമാണ്.