Skip to main content
ജയ്പൂര്‍

sonia and rahulലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകുന്തോറും വിദ്വേഷ പ്രസംഗങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും കൂടുതല്‍ രൂക്ഷമാകുന്നു. ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ‘തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് തിരികെ വിടുമെന്ന്’ രാജസ്താനിലെ ബി.ജെ.പി എം.എല്‍.എ പ്രസംഗിച്ചു. ടോങ്ക് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു എം.എല്‍.എ ഹീരാലാല്‍ റെഗറിന്റെ പരാമര്‍ശം. സംഭവത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിട്ടുണ്ട്.

 

അതേസമയം, റെഗര്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. താന്‍ ആരുടേയും പേരു പറഞ്ഞിട്ടില്ലെന്നും എന്നാല്‍ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായും റെഗര്‍ പറഞ്ഞു.

 

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ ‘കഷണങ്ങളായി അരിയുമെന്ന്’ പ്രസംഗിക്കുന്ന ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് അടുത്ത വിദ്വേഷ പ്രസംഗം. മസൂദിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് നടന്ന സംഭവത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.