കഴിഞ്ഞ കാലങ്ങളില്‍ മുസ്ലിം സമുദായത്തോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്. നരേന്ദ്ര മോഡിയുടെ വിജയത്തില്‍ മുസ്ലിങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന സെമിനാറിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.
നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുസ്ലിം സമുദായത്തിന്റെ ഇടയില്‍ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പ്രസ്താവന എന്ന്‍ കരുതപ്പെടുന്നു. ഗുജറാത്ത് കലാപം തന്നെ ഉലച്ചതായി നേരത്തെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. ആയിരത്തിലധികം മുസ്ലിംങ്ങള്‍ കൊല്ലപ്പെട്ട കലാപ കാലത്ത് നരേന്ദ്ര മോഡിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി.
കോണ്‍ഗ്രസിനേയും മറ്റ് എതിരാളികളേയും ശക്തമായി വിമര്‍ശിച്ച രാജ്നാഥ് സിങ്ങ് 2002-ലെ കലാപത്തെ കുറിച്ച് മാത്രമേ ഇവര്‍ സംസാരിക്കുന്നുള്ളൂ എന്ന്‍ ആരോപിച്ചു. അതിന് മുന്‍പും കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുമ്പോഴും ഗുജറാത്തില്‍ കലാപം നടന്നിരുന്നു എന്ന്‍ രാജ്നാഥ് ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ വിഭജനം അംഗീകരിച്ചവരാണ്, തങ്ങളല്ല, വര്‍ഗ്ഗീയവാദികളെന്നും രാജ്നാഥ് ആരോപിച്ചു.
ബി.ജെ.പി മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മറിച്ചുള്ള പ്രചാരണത്തില്‍ വീഴരുതെന്നും രാജ്നാഥ് ആവശ്യപ്പെട്ടു. ഒരു തവണ തങ്ങളെ പരീക്ഷിക്കാന്‍ ആവശ്യപ്പെട്ട രാജ്നാഥ് പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ പിന്നീടൊരിക്കലും തങ്ങളുടെ നേരെ നോക്കേണ്ടതില്ലെന്നും പറഞ്ഞു.