Skip to main content
ന്യൂഡല്‍ഹി

rajya sabhaഅഴിമതിയ്‌ക്കെതിരെ പരാതിപ്പെടുന്നവരെ സംരക്ഷിക്കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്‌സ് ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമ പ്രകാരം ഉദ്യോഗസ്ഥരുടെ അഴിമതി മറ്റൊരു ഉദ്യോഗസ്ഥനോ സന്നദ്ധ സംഘടനകള്‍ക്കോ സാധാരണ വ്യക്തികള്‍ക്കോ ചൂണ്ടിക്കാണിക്കാം. രാഷ്ട്രപതിയുടെ ഒപ്പ് ലഭിച്ചാല്‍ ഇത് നിയമമാകും.

 

അഴിമതിയോ അധികാര ദുര്‍വിനിയോഗമോ ക്രിമിനല്‍ പരാതിയോ ഉന്നയിച്ച് കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ വിജിലന്‍സ് കമ്മീഷനാണ് പരാതി നല്‍കേണ്ടത്. പരാതി നല്‍കിയ ആള്‍ക്കുള്ള സംരക്ഷണമാണ്‌ ഈ നിയമം ഉറപ്പ് തരുന്നത്. മന്ത്രിസഭ, പ്രതിരോധം, രഹസ്യാന്വേഷണവിഭാഗം, പോലീസ് എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍ സ്വീകരിക്കില്ല. കോടതിയോ ട്രൈബ്യൂണലോ തീര്‍പ്പാക്കിയ കേസും അഞ്ചുകൊല്ലത്തിലധികം പഴക്കമുള്ള കാര്യങ്ങളും പരിഗണിക്കപ്പെടില്ല.

 

വിജിലന്‍സ് കമ്മീഷന്‍ തേടുന്ന വിവരം നല്‍കാതിരുന്നാല്‍ കമ്മീഷന് പിഴ ഈടാക്കാം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ശിക്ഷിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അഴിമതിക്കെതിരെയുള്ള വിസില്‍ ബ്ലോവേഴ്‌സ് ചട്ടം ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ളതാണ്. ഇന്ത്യയുള്‍പ്പെടെ 140 രാജ്യങ്ങള്‍ ഇത് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതുസംബന്ധിച്ച് ആഭ്യന്തരമായ ഒരു നിയമം ഉണ്ടാക്കുന്നത് ആദ്യമായാണ്.