ടോള്‍ പിരിവിലെ ക്രമക്കേടുകള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി ദേശീയപാതകള്‍ ഉപരോധിച്ച മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എന്‍.എസ് നേതാവ് രാജ് താക്കറെയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം 500-ഓളം പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു. വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സമരത്തോടനുബന്ധിച്ച് പോലീസ് സ്വീകരിച്ചിത്.
സംസ്ഥാനത്തെ ടോള്‍ പിരിക്കുന്ന ദേശീയപാതകള്‍ സ്തംഭിപ്പിച്ചു കൊണ്ടായിരുന്നു എം.എന്‍.എസിന്റെ സമരം. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന തരത്തില്‍ അക്രമസമരം ഉണ്ടാകില്ലെന്ന് എം.എന്‍.എസ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍, ടോള്‍ സമരത്തില്‍ മുന്‍പ് ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്. ചൊവ്വാഴ്ചയും ഉറാനിലെ ടോള്‍ ബൂത്ത് എം.എന്‍.എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.
ടോള്‍ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒട്ടേറെ ടോള്‍ ബൂത്തുകള്‍ എം.എന്‍.എസ് പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ തുടര്‍ന്ന് രാജ് താക്കറെയ്ക്കെതിരെ അക്രമത്തിന് പ്രേരണ നല്‍കിയതിന് പോലീസ് ഇതിനകം വിവിധ കേസുകള്‍ എടുത്തിട്ടുണ്ട്. റോഡുപരോധത്തില്‍ അക്രമമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച പോലീസ് താക്കറെയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.