Skip to main content
ന്യൂഡല്‍ഹി

Rahul Gandhiപാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ചേര്‍ന്ന ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലാണ് രാഹുല്‍ തന്‍റെ നിലപാട് അറിയിച്ചത്.  

 

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ രാജ്യത്തുണ്ടായിട്ടുള്ള നേട്ടങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും, സോണിയ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ ശക്തിയെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന് സജ്ജരായിരിക്കാന്‍ രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തിരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറാണ്. മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും രാഹുല്‍ അറിയിച്ചു. 

 

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ തന്നെയായിരിക്കും പാര്‍ട്ടിയെ നയിക്കുക. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയുടെ പേര് പ്രഖ്യാപിക്കണമെന്ന  പി. ചിദംബരം ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കളുടെ ആവശ്യത്തെ തള്ളിയാണ് ഇപ്പോള്‍ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്.

 

സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും, സമീപകാല തിരിച്ചടികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് നല്‍കുന്നതെന്നും  പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്  യോഗത്തില്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണ്ണായക എ.ഐ.സി.സി സമ്മേളനമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.