Skip to main content
Mumbai

ബാന്ദ്ര ഡെറാഡൂണ്‍ എക്സ്പ്രസിന് തീപിടിച്ച് ഒമ്പതു മരണം.അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.ബാന്ദ്രെ ടെര്‍മിനലില്‍ നിന്നും ഡെറാഡൂണ്‍ സ്റ്റേഷനിലേക്കു പോവുകയായിരുന്നു ട്രെയിന്‍. താനെയ്ക്കു സമീപം ധനു റോഡ് സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്.

 

രണ്ടു മണിയോടെ എസ്3 കോച്ചിലാണ് ആദ്യം തീ കണ്ടത്. പിന്നീടത് എസ്4, എസ്5 എന്നീ കോച്ചുകളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു.തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുകയില്‍ ശ്വാസംമുട്ടിയാണ് ഒമ്പതുപേരും മരിച്ചത്.കോച്ചുകള്‍ പൂര്‍ണമായി കത്തി നശിച്ചു.

 

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീ പടരുന്നത് കണ്ട ലെവല്‍ ക്രോസിലെ കാവല്‍ക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.ഗോല്‍വാഡ് സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം ഫയര്‍ ഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.

  
രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ട്രെയിനിന്  തീപിടിച്ച് അപകടമുണ്ടാകുന്നത്. ഡിസംബര്‍ 28ന് ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ച് 23 പേര്‍ മരിച്ചിരുന്നു. മരിച്ചവരുടെ കുടുബങ്ങള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ മന്ത്രി മല്ലികാർജ്ജുന്‍ ഖർഗെ അറിയിച്ചു.

Tags