Skip to main content
ന്യൂഡല്‍ഹി

manmohan singhബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയ്ക്കെതിരെ നിശിതമായ വിമര്‍ശനവുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. മോഡി പ്രധാനമന്ത്രിയായാല്‍ അത് രാജ്യത്തിന് ദുരന്തകരമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

അഹമ്മദാബാദില്‍ ജനങ്ങളുടെ കൂട്ടക്കൊലയ്ക്ക് അധ്യക്ഷത വഹിക്കുന്നതല്ല കരുത്തനായ നേതാവിന്റെ അര്‍ത്ഥമെന്ന് 2002-ലെ ഗുജറാത്ത് കലാപങ്ങളെ ഓര്‍മ്മിപ്പിച്ച് സിങ്ങ് പറഞ്ഞു. ദുര്‍ബ്ബലനായ പ്രധാനമന്ത്രിയെന്ന് മന്‍മോഹന്‍ സിങ്ങിനെ പലപ്പോഴും വിമര്‍ശിക്കാറുള്ള മോഡിയ്ക്കെതിരെ മന്‍മോഹന്‍ സിങ്ങില്‍ നിന്നുണ്ടാകുന ഏറ്റവും കടുത്ത പ്രതികരണമാണിത്.

 

ഇന്ത്യ നല്ല കാലത്തിലേക്ക് നീങ്ങുകയാണെന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ആമുഖമായി അദ്ദേഹം പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ച അദ്ദേഹം എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ആവശ്യത്തിലധികം ആകുലപ്പെടേണ്ടതില്ല എന്ന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്നും അതേസമയം, മൂന്നാമൂഴത്തിന് ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

കഴിഞ്ഞ പത്ത് വര്‍ഷ കാലയളവില്‍ മന്‍മോഹന്‍ സിങ്ങ് നടത്തുന്ന മൂന്നാമത് വാര്‍ത്താ സമ്മേളനമാണിത്. നിര്‍ണ്ണായക വിഷയങ്ങളില്‍ പോലും നിശബ്ദത പാലിക്കുന്നു എന്നാരോപണമുള്ള പ്രധാനമന്ത്രി ഈയടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ പരാജയത്തിന്റെ സാഹചര്യത്തിലാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്.

 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനത്തെ സംബന്ധിച്ച് തങ്ങള്‍ വിലയിരുത്തല്‍ നടത്തുമെന്ന് മന്‍മോഹന്‍ സിങ്ങ് അറിയിച്ചു. എന്നാല്‍, ജനങ്ങള്‍ കൂടുതലായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് നമ്മുടെ ജനായത്ത സംവിധാനങ്ങളുടെ ശക്തിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ രാഹുല്‍ ഗാന്ധി അനുയോജ്യനാണെന്ന് ആവര്‍ത്തിച്ച മന്‍മോഹന്‍ സിങ്ങ് പാര്‍ട്ടി ഇത് സംബന്ധിച്ച തീരുമാനം ശരിയായ സമയത്ത് എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു. താന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അതിന് ശേഷം ബാറ്റണ്‍ പുതിയ പ്രധാനമന്ത്രിയ്ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്‍പായി മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിപദം ഒഴിയുമെന്നും രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

 

തന്റെ ഭരണകാലത്താണ് ഇന്ത്യ ആദ്യമായി ഒന്‍പത് ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിച്ചതെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലത്തെ വളര്‍ച്ചാ നിരക്ക് ഇത് ഒന്‍പത് വര്‍ഷക്കാലയളവുമായി താരതമ്യം ചെയ്താലും ഉയര്‍ന്നതാണെന്നും മന്‍മോഹന്‍ സിങ്ങ് ചൂണ്ടിക്കാട്ടി. സാമ്പത്തിക വ്യവസ്ഥയില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണെന്നും ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് ആവശ്യത്തില്‍ അധികമായി ആകുലപ്പെടുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.  

 

എന്നാല്‍, വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന് നേരെ ജനങ്ങളെ തിരിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. എന്നാല്‍, വിലനിയന്ത്രണം തങ്ങളുടെ പരിധിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ആഗോള ഘടകങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

 

സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ടു സര്‍ക്കാറിന് നേരെയുള്ള അഴിമതി ആരോപണങ്ങള്‍ പലതും ആദ്യ യു.പി.എ സര്‍ക്കാറിന്റെ കാലത്തുള്ളതാണെന്നും ഇതിന് ശേഷവും തങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനത തങ്ങളെ വിജയിപ്പിച്ചതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നും ഇവരുടെ വലയില്‍ മാധ്യമങ്ങളും വീണുപോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

2004-ല്‍ അധികാരത്തില്‍ വരുമ്പോള്‍ ഗ്രാമീണ ഇന്ത്യക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതായി മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. സാമ്പത്തിക വളര്‍ച്ച സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളിക്കുന്ന രീതിയില്‍ ആയിരുന്നെന്നും കാര്‍ഷിക വളര്‍ച്ച മുന്‍പെന്നത്തേക്കാളും ഉയര്‍ന്നതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.