രാജ്യസഭ പാസാക്കിയ ലോക്പാല്‍ ബില്ലിലെ ഭേദഗതികള്‍ ലോക്സഭ ബുധനാഴ്ച അംഗീകരിച്ചു. ഇതോടെ ബില്‍ പാര്‍ലിമെന്റ് പാസാക്കി. ഇനി രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമായി നിലവില്‍ വരും.
തെലുങ്കാന വിഷയത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള എം.പിമാര്‍ ഉണ്ടാക്കിയ ബഹളത്തിനിടെയാണ് ബില്ലില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. ബില്ലിനെ എതിര്‍ക്കുന്ന സമാജ്‌വാദി, ശിവസേന അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ബില്‍ പാസാക്കിയ ഉടന്‍ ലോക്സഭ പിരിഞ്ഞു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവര്‍ ബില്ലിനെ അനുകൂലിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. യു.പി.എ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന സമഗ്ര അഴിമതി വിരുദ്ധ സംഹിതയുടെ ഭാഗമായ മറ്റ് ആറു ബില്ലുകള്‍ കൂടി പാസാക്കാന്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം നീട്ടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബില്‍ പാസാക്കിയതിലുള്ള നേട്ടത്തിന് രാജ്യത്തെ ജനങ്ങളും പലതവണ ഇതിനായി നിരാഹാരമനുഷ്ഠിച്ച അണ്ണാ ഹസാരെയുമാണ് അര്‍ഹരെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സുഷമ സ്വരാജ് പറഞ്ഞു.
ബില്‍ ലോക്സഭ പാസാക്കിയതോടെ ജന്മദേശമായ മഹാരാഷ്ട്രയിലെ റലെഗാവ് സിദ്ധിയില്‍ നടത്തിവന്ന നിരാഹാര സമരം അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ അവസാനിപ്പിച്ചു. ലോക്പാല്‍ നടപ്പിലാക്കുന്നത് നിരീക്ഷിക്കാന്‍ സമിതികളുണ്ടാക്കുമെന്നു ഹസാരെ പറഞ്ഞു. ബില്ലിനെ അനുകൂലിച്ച എല്ലാ പാര്‍ലിമെന്റംഗങ്ങള്‍ക്കും ഹസാരെ നന്ദി പറഞ്ഞു.
ജനപ്രതിനിധികളുടേയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും അഴിമതി കേസുകള്‍ അന്വേഷിക്കാനായി സ്വതന്ത്ര എജന്‍സിയെ വിഭാവനം ചെയ്യുന്ന ബില്‍ 2011 ഡിസംബറില്‍ ലോക്സഭ പാസാക്കിയിരുന്നു. എന്നാല്‍, ബില്ലിലെ ചില വകുപ്പുകളില്‍ രാജ്യസഭയില്‍ പാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പില്‍ എത്താനാകാതെ വന്നതിനെ തുടര്‍ന്നാണ് ബില്‍ പാര്‍ലിമെന്റ് പാസാക്കാന്‍ വൈകിയത്. രാജ്യസഭയില്‍ ഭരണകക്ഷിയായ യു.പി.എയ്ക്ക് തനിച്ച് ഭൂരിപക്ഷമില്ല.
തുടര്‍ന്ന് രാജ്യസഭയുടെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലില്‍ കമ്മിറ്റിയില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഒട്ടേറെ ഭേദഗതികള്‍ യു.പി.എ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ബില്‍ രാജ്യസഭ പാസാക്കിയത്. തന്ത്രപ്രധാന വിഷയങ്ങളില്‍ ഒഴികെ പ്രധാനമന്ത്രിയുടെ ഓഫീസും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതാണ് ഭേദഗതികളില്‍ പ്രധാനം.