നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്താനിലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തിലേക്ക്. മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ്ങ് ചൗഹാന്‍ മൂന്നാമതും മുഖ്യമന്ത്രിയാകുമ്പോള്‍ രാജസ്താനില്‍ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വസുന്ധര രാജ അധികാരത്തില്‍ തിരിച്ചെത്തുന്നു.
നാല് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് രാജസ്താനില്‍ നേരിടുന്നത്. 200 അംഗ നിയമസഭയില്‍ ബി.ജെ.പി നാലില്‍ മൂന്ന്‍ ഭൂരിപക്ഷം നേടുന്ന ചിത്രമാണ് തെളിഞ്ഞുവരുന്നത്. വോട്ടെടുപ്പ് നടന്ന 199 സീറ്റില്‍ 160 എണ്ണത്തിലും പാര്‍ട്ടി മുന്നിലാണ്. ബി.ജെ.പിയുടെ പ്രചാരണം മുന്നില്‍ നിന്ന്‍ നയിച്ച മുന്‍ മുഖ്യമന്ത്രി കൂടിയായ വസുന്ധര രാജയ്ക്ക് ഈ വിജയം തിളക്കമേറ്റുന്നു.
അധികാരത്തിലിരിക്കുന്ന സര്‍ക്കാറിന് അനുകൂലമായ തരംഗമാണ് മധ്യപ്രദേശിലെ വോട്ടെണ്ണുമ്പോള്‍ കാണുന്നത്. ശിവ്‌രാജ് സിങ്ങ് ചൗഹാന്റെ വ്യക്തിപരമായ പ്രതിച്ഛായ ബി.ജെ.പിയ്ക്ക് തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടായി മാറി. 162 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടി 230 അംഗ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ശിവരാജ് സിങ്ങ് ചൗഹാനെയും വസുന്ധര രാജയേയും അഭിനന്ദിച്ചു. ട്വിറ്ററിലാണ് മോഡി ഇരുനെതാക്കള്‍ക്കുമുള്ള തന്റെ അഭിനന്ദനം രേഖപ്പെടുത്തിയത്. അതേസമയം, രാജസ്താനിലെ വിജയത്തിന് മോഡി വലിയ ഒരു ഘടകമാണെന്ന് വസുന്ധര പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനെ സൂചിപ്പിച്ച് വരാനിരിക്കുന്നതിന്റെ സെമി-ഫൈനല്‍ ആണിതെന്നും അവര്‍ പ്രസ്താവിച്ചു. ചൗഹാനും മോഡിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന് പ്രതികരിച്ചു.