Skip to main content
ഭോപ്പാല്‍

മധ്യപ്രദേശ്‌, മിസോറം സംസ്‌ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ തുടങ്ങി.ഇരു സംസ്ഥാനങ്ങളിലും ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്‍ അടക്കം മത്സരിക്കുന്നു. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍, വനം മന്ത്രി സര്‍ത്താജ്‌ സിംഗ്‌, പാര്‍ലമെന്ററികാര്യ മന്ത്രി നാറോട്ടം മിശ്ര എന്നിവരാണ്‌ ബി.ജെ.പിക്കുവേണ്ടി ജനവിധി തേടുന്നവര്‍.  

 

മിസോറാമില്‍ 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മിസോറാമില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സും മിസോ നാഷണല്‍ ഫ്രണ്ട് നയിക്കുന്ന മിസോറാം ജനാധിപത്യ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. മധ്യപ്രദേശില്‍ 51 ജില്ലകളില്‍ 53896 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 4.65 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. പ്രതിപക്ഷനേതാവും മുന്‍മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങിന്റെ മകനുമായ അജയ് സിങ്ങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍.

 

മിസോറാമില്‍ 142 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. സംസ്ഥാനത്തെ 6.9 ലക്ഷം വോട്ടര്‍മാര്‍ക്കായി 1126 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആക്രമണ സാധ്യത നിലനില്‍ക്കുന്ന 33 പോളിംഗ് സ്‌റ്റേഷനുകളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ ഡിസംബര്‍ എട്ടിനും മിസോറാമില്‍ ഡിസംബര്‍ ഒമ്പതിനുമാണ്‌ വോട്ടെണ്ണല്‍.