Skip to main content
ന്യൂഡല്‍ഹി

കോണ്‍ഗ്രസ്സിന്‍റെ ചിഹ്നമായ കൈപ്പത്തി അടയാളത്തെ ‘കൊല്ലുന്ന കൈ’ എന്ന് പരാമര്‍ശിച്ചതിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നല്‍കിയ വിശദീകരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. മോഡി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കമ്മീഷന്‍ വിലയിരുത്തി. മാത്രമല്ല മോഡി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അറിയിച്ചു.

 

പാര്‍ട്ടിയേയും ചിഹ്നത്തെയും അപമാനിച്ചു എന്ന് കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോഡിയോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പരമാര്‍ശം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തില്‍ വരുമെന്നായിരുന്നു കമ്മീഷന്റെ നോട്ടീസിന് മോഡി നല്‍കിയ മറുപടി. എന്നാല്‍ മറ്റു പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ മോശമായി ചിത്രീകരിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.

 

ഛത്തീസ്ഗഡിനെ കൊല്ലുന്ന കയ്യില്‍ നിന്ന് രക്ഷിക്കണമെങ്കില്‍ താമര ചിഹ്നത്തിന് വോട്ട് നല്‍കണമെന്നായിരുന്നു മോഡിയുടെ വിവാദ പ്രസംഗം. നേരത്തെ മുസാഫര്‍ നഗര്‍കലാപത്തെ കുറിച്ച് രാഹുല്‍ ഗാന്ധിനടത്തിയ പരമാര്‍ശത്തിനെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു