'മോഹന്‍ദാസ് കരംചന്ദ് ഗാന്ധി'യെ ‘മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി'യാക്കി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിക്ക് നാവില്‍ ഗുളികന്‍ കയറിയത്. രാഷ്ട്ര പിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയെ ‘മോഹന്‍ലാല്‍’ കരംചന്ദ് ഗാന്ധി എന്നാണു മോഡി വിശേഷിപ്പിച്ചത്. ഇതിനു മുന്‍പും ഇത്തരം ശ്രദ്ധേയമായ അബദ്ധങ്ങള്‍ മോഡിക്ക് സംഭവിച്ചിട്ടുണ്ട്.
''ജീവിതത്തിന്റെ അവസാനകാലത്ത് മഹാത്മാഗാന്ധിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, അത് സാക്ഷാത്കരിക്കപ്പെട്ടില്ല. നിങ്ങള്‍ ആ ആഗ്രഹം സാധിച്ചുകൊടുക്കുമോ? മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയുടെ ആഗ്രഹം?''- ഇതായിരുന്നു മാധ്യമങ്ങള്‍ ആഘോഷമാക്കിയ മോഡിയുടെ ഇപ്പോഴത്തെ പ്രസംഗം. മോഡിക്ക് ചരിത്രജ്ഞാനമില്ലെന്നാണ് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങ് പ്രതികരിച്ചത്.
ഈ അടുത്തകാലത്തായി ആധുനിക ഇന്ത്യ ചരിത്രം മോഡി കുറച്ചുകൂടി പഠിക്കണം എന്ന് പറഞ്ഞ് യൂത്ത്കോണ്‍ഗ്രസ് മോഡിക്ക് ടെസ്റ്റുബുക്കുകള്‍ അയച്ചുകൊടുത്തതും വാര്‍ത്തയായിരുന്നു. എന്തായാലും മോഡിയുടെ അബദ്ധങ്ങളുടെ പട്ടികയില്‍ ഏറ്റവും പുതിയതും ഒടുവിലത്തേതുമായ ‘മോഹന്‍ലാല്‍’പരാമര്‍ശത്തിലൂടെ വീണ്ടും മാധ്യമ ശ്രദ്ധ മോഡിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.