Skip to main content
മുംബൈ

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വീതമാണ് കൂട്ടിയത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. നിലവില്‍ വര്‍ദ്ധിപ്പിച്ച റിപ്പോ നിരക്ക് 7.50 ശതമാനമാണ്. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.50 ശതമാനമായാണ് കൂട്ടിയത്. ബാങ്കിന്റെ കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍)  മാറ്റമില്ലാതെ തുടരും. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വായ്പാ നയമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

വായ്പാനയത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടു. സെന്‍സെക്സ് 600 പോയിന്റ്‌ ഇടിഞ്ഞു. രൂപയുടെ മൂല്യം 62.61 ആയി. പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യം തുടരുന്ന പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐ പലിശ നിരക്കുകള്‍ ഉയര്‍ത്തിയത്. പണപ്പെരുപ്പം ആശങ്കാജനകമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ബാങ്കിംഗ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്.

 

പുതിയ വായ്പാനയം പ്രഖ്യാപിച്ചതിന്റെ ഫലമായി ഭവന, വാഹന, വ്യക്തിഗത വായ്പാ തുടങ്ങിയവയുടെ പലിശ നിരക്കുകള്‍ കൂടും. അതേസമയം മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എം.എസ്.എഫ്)​ 75 ബേസിസ് പോയിന്റ് കുറച്ച് 9.5 ശതമാനമാക്കി.