Skip to main content
ന്യൂഡല്‍ഹി

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍ ഒത്തുകളിക്കേസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നു പാട്യാല ഹൌസ് കോടതി. ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പൂര്‍ണമല്ലെന്നും റിപ്പോര്‍ട്ടില്‍ പൊരുത്തക്കെടുകളുണ്ടെന്നും കോടതി പറഞ്ഞു. 

 

വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി സിറ്റി പൊലീസ് കമ്മിഷണർക്ക് കേസിന്റെ മുഴുവൻ ഫയലും കൈമാറുകയാണെന്നും കോടതി അറിയിച്ചു. അടുത്ത മാസം ഏഴിന് കേസ് പരിഗണിക്കുന്നതിന് മുൻപായി കേസിലെ പൊരുത്തക്കേടുകള്‍ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ശ്രീശാന്തടക്കമുള്ള എല്ലാ പ്രതികളും തിങ്കളാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസുമായുള്ള ദല്‍ഹി പോലീസിന്റെ സഹകരണം മെച്ചപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.

 

കേസിലെ പ്രതികളായ രാജസ്ഥാൻ റോയൽസ് താരം അജിത് ചാന്ദില, മുൻ രഞ്ജി താരം ബാബുറാവ് യാദവ്, വാതുവയ്പുകാരനായ ദീപക് കുമാർ എന്നിവർക്ക് കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. ശ്രീശാന്തിനൊപ്പം മേയ് 16 നാണ് ചാന്ദില അറസ്റ്റിലായത്. എന്നാല്‍ കേസില്‍ ചാന്ദിലയുടെ പങ്ക് ഇത് വരെ വ്യക്തമാവാത്തതിനാല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

 

കേസില്‍ ശ്രീശാന്തുള്‍പ്പടെയുള്ളവരുടെ ജാമ്യം റദ്ദാക്കണമേന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജി കോടതി ഒക്ടോബര്‍ 7-നു പരിഗണിക്കും.