Skip to main content
ന്യൂഡല്‍ഹി

പെന്‍ഷന്‍ ഫണ്ട്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ അഥോറിറ്റി (പി.എഫ്‌.ആര്‍.ഡി.എ) ബില്‍ 2011 ലോക്സഭ പാസ്സാക്കി. പെന്‍ഷന്‍ മേഖലയിലെ നിയന്ത്രണത്തിനും കൂടുതല്‍ പേരെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും ഉള്ള ബില്ലാണ് ലോക്സഭ ബുധനാഴ്ച പാസ്സാക്കിയത്. 2005-ലും 2011-ലും ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ഏറെ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ ബില്‍ പാസ്സായില്ല.

 

26 സംസ്ഥാനങ്ങള്‍ ബില്ലിന് അനുകൂലമാണെന്നും കൂടുതല്‍ പേരിലേക്ക് പെന്‍ഷനെത്തിക്കാന്‍ ബില്ലുകൊണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞു.  പെന്‍ഷന്‍ പദ്ധതികളില്‍ പലതും ഇന്‍ഷുറന്‍സ്‌ പദ്ധതികളുമായി ബന്ധിക്കപ്പെടുകയും ചെയ്യും. ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ഫണ്ട്‌ സര്‍ക്കാര്‍ ബോണ്ടുകളിലോ ഓഹരി വിപണിയിലോ നിക്ഷേപിക്കാമെന്നതും ബില്ലിന്റെ നേട്ടമാണ്. 26 ശതമാനം വിദേശ നിക്ഷേപം പെന്‍ഷന്‍ മേഖലയില്‍ കൊണ്ട് വരുന്നതിനും ബില്ലിലൂടെ സാധിക്കും.

 

രാജ്യസഭകൂടി പാസാക്കുന്നതോടെ ബില്ലിന് അംഗീകാരം ലഭിക്കും. ബില്ലിന് അനുകൂലമായി 174 എംപിമാരും 33പേര്‍ എതിര്‍ത്തും  വോട്ട് ചെയ്തു. ഇടതു പാര്‍ട്ടികളും ടി.എം.സിയും ഡി.എം.കെയും അണ്ണാ ഡി.എം.കെയും ബില്ലിനെതിരായിരുന്നു.

Tags