Skip to main content
ന്യൂഡല്‍ഹി

ഐ.എ.എസ് ഓഫീസര്‍ ദുര്‍ഗാ ശക്തി നാഗ്പാലിന്റെ സസ്പെന്‍ഷന്‍ പുനപരിശോധിക്കുമെന്ന് യു.പി സര്‍ക്കാര്‍.  ദുര്‍ഗ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനെയും സന്ദര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ നിലപാടിലുള്ള ഈ മാറ്റം. ഉത്തര്‍പ്രദേശില്‍ മണല്‍മാഫിയക്കെതിരെ നടപടിയെടുത്തതിനാണ് ദുര്‍ഗയെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

 

ഗൗതം ബുദ്ധ നഗറില്‍ പള്ളിയുടെ മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് ജൂലൈ 27നു ദുര്‍ഗയെ സസ്പെന്റ് ചെയ്തതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. എന്നാല്‍ ദുര്‍ഗയെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള അഖിലേഷ് യാദവ് സര്‍ക്കാറിന്റെ നടപടിക്കെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ദുര്‍ഗയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

 

ദുര്‍ഗക്കെതിരായ ആരോപണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടും ദുര്‍ഗയ്ക്ക് അനുകൂലമായതോടെയാണ് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്നാണ് സൂചന.