Skip to main content

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നാനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും അന്‍പതിലധികം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിജു വര്‍ക്കി സംവിധാനം ചെയ്ത ഫാന്റം എന്ന മലയാള ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

 

കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തിയ അദ്ദേഹം പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ടിക് ടിക് ടിക്, കാതല്‍ ഓവിയം തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംഭാഷണമെഴുതികൊണ്ട് സംവിധാന രംഗത്തേക്ക് തിരിഞ്ഞു. സത്യരാജിനെ വച്ച് സംവിധാനം ചെയ്ത അമൈതിപ്പട എന്ന ചിത്രം ആ കാലഘട്ടത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുറപ്പിച്ച മണിവണ്ണന്‍ പിന്നീട് ഹാസ്യനടനായി തിളങ്ങി.   

 

മണിവണ്ണന്‍ സംവിധാനം ചെയ്ത അന്‍പതാമത്തെ ചിത്രമാണ് ഈ അടുത്ത കാലത്ത് റിലീസായ  നാഗരാജ ചോളൻ എം.എല്‍.എ എന്ന ചിത്രം. ചിന്നതമ്പി,​ പെരിയ തമ്പി,​ ജെല്ലിക്കെട്ട് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ്.