Skip to main content

l.k. advaniന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയുടെ രാജിയെ തുടര്‍ന്ന് ബി.ജെ.പിയില്‍ ഉണ്ടായ പ്രതിസന്ധിക്ക് താല്‍ക്കാലിക ശമനം. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ ഇടപെടലിന് ശേഷം രാജി പിന്‍വലിക്കാന്‍ ചൊവ്വാഴ്ച അദ്വാനി തയ്യാറായി. ഗോവയില്‍ ഞായറാഴ്ച സമാപിച്ച ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്ന അദ്വാനി തിങ്കളാഴ്ചയാണ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെച്ചുകൊണ്ട് അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് കത്തയച്ചത്.

 

ബി.ജെ.പി സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി, പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവരുടെ മധ്യസ്ഥതയിലാണ് മോഹന്‍ ഭഗവത് ഫോണില്‍ അദ്വാനിയോട് സംസാരിച്ചത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ നിര്‍ണയമടക്കമുള്ള തീരുമാനങ്ങളില്‍ അദ്വാനിയുടെ അഭിപ്രായം പരിഗണിക്കും എന്ന്‍ വാക്ക് നല്‍കിയതായാണ് സൂചന.

 

ഗോവയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി 2014-ലെ പൊതുതിരഞ്ഞെടുപ്പിന്റെ പ്രചരണ ചുമതല ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കിയതാണ് അദ്വാനിയെ പ്രകോപിച്ചതെന്ന്‍ കരുതപ്പെടുന്നു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയോട് യോജിച്ചുപോകാനാകുന്നില്ല എന്ന് രാജിക്കത്തില്‍ പറഞ്ഞ അദ്വാനി നേതാക്കള്‍ വ്യക്തിപരമായ അജണ്ടകളുടെ അടിസ്ഥാനത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചിരുന്നു.

 

അദ്വാനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്ര മോഡി ട്വിറ്ററില്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അദ്വാനി ഉന്നയിച്ച ആശങ്കകള്‍ നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ബി.ജെ.പി പ്രസ്താവനയില്‍ പറഞ്ഞു.