മുംബൈ: ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ സി.ഇ.ഒ. ഗുരുനാഥ് മെയ്യപ്പനെ കുറിച്ച് ബി.സി.സി.ഐക്ക് അന്തര്‍ദേശീയ ക്രിക്കറ്റ് കൌണ്‍സിലി (ഐ.സി.സി)ന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള വാതുവെപ്പുകാരന്‍ വിന്ധു രന്ധാവയും മെയ്യപ്പനും തമ്മിലെ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ ചോര്‍ത്തിയ ടെലിവിഷന്‍ ചാനലുകളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
അതിനിടെ ശ്രീനിവാസന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായി. ശനിയാഴ്ച ഈ വിഷയത്തില്‍ ഒരു പ്രധാന സംഭവം ഉണ്ടാകുമെന്ന് ബി.സി.സി.ഐ ഉപാധ്യക്ഷന്‍ അരുണ്‍ ജെയ്റ്റ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ, ട്രഷറര്‍ അജയ് ശിര്‍കി എന്നിവര്‍ രാജിസമര്‍പ്പിച്ചിട്ടുണ്ട്.
ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് തന്നെക്കുറിച്ച് ബി.സി.സി.ഐക്ക് മുന്നറിയിപ്പ് നല്‍കിയെന്നും ഇടപാടുകള്‍ സൂക്ഷിച്ച് ചെയ്യണമെന്നുമാണ് മെയ്യപ്പന്‍ വിന്ധുവിനെ അറിയിച്ചത്. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
തനിക്കു ഐ.സി.സിയുടെ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന്‍ മെയ്യപ്പന്‍റെ ഭാര്യാപിതാവും ബി.സി.സി.ഐ അധ്യക്ഷനുമായ ശ്രീനിവാസന്‍ പ്രതികരിച്ചു.
