Skip to main content
വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.

 


 

കുഞ്ഞുപണിക്കൻ:   നമസ്‌കാരം ലീഡർ

ലീഡർ:   ആ പണിക്കനോ, പറയൂ പണിക്കാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?

കു:    ഒത്തിരിയുണ്ടേ.

ലീ:    ആ കേൾക്കട്ടെ,  നല്ലതല്ലേ വിശേഷങ്ങൾ?

കു:    ആർക്കാണാവോ?

ലീ:    എന്താ പണിക്കാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്

കു:    ലീഡർമാർക്കൊക്കെ നല്ല കാലമാണേ...

ലീ:    പണിക്കന്റെ ആ പഴയ സ്വഭാവത്തിനൊന്നും മാറ്റമില്ലല്ലോ. ആ കുത്തലില്ലാതെ സംസാരിക്കാനറിയില്ലെന്ന് വന്നിരിക്കുന്നു. ആട്ടെ ലീഡർമാരുടെ നല്ല വിശേഷങ്ങൾ കേൾക്കട്ടെ,

കു:    അങ്ങയുടെ മാനസ പുത്രന്‍ ഇപ്പോൾ കേരളത്തില്‍ യാത്രയിലാണ്. കാസർകോഡു നിന്നു തുടങ്ങിയതാ.

ലീ:    നന്നായി. രമേശ് എന്റെ മാനസപുത്രൻ തന്നെ. അതിനെന്താ കുഴപ്പം?

കു:    കുഴപ്പമൊന്നുമില്ലേ. യാത്രച്ചിലവ് ഇത്തിരി കൂടുതാലാണെന്നു മാത്രം.

ലീ:    ങ്ങാ, അത് പഴയതുപോലാണോ പണിക്കാ. പെട്രോളിനും ഡീസലിനുമൊക്കെ ഇപ്പോ എന്താ വില? അപ്പോ ചിലവിത്തിരി കൂടും. കേരളത്തിന്റെ ഭാവിയെ ഓർത്തല്ലേ ഈ പൊരിവെയിലത്ത് അദ്ദേഹം യാത്ര ചെയ്യുന്നത്. അതിരിക്കട്ടെ എങ്ങിനെയാണ് നിരക്ക്.

കു:    വാര്‍ഡ്‌ കമ്മിറ്റിക്ക് കുറഞ്ഞത് ഇരുപതിനായിരം രൂപ. കൂപ്പണ്‍ അടിച്ചിട്ടുള്ളത് അഞ്ഞൂറിന്റെത്. ബാക്കിയൊക്കെ രസീതാക്കും. പിന്നെ വെള്ള സഖാക്കളുടെ പിരിവാണ്.

ലീ:    വെള്ള സഖാക്കളോ അതാരാ പണിക്കാ?

കു:     വെള്ള ഖദറിട്ട അങ്ങയുടെ പിൻഗാമികൾ ഇപ്പോൾ ചുവന്ന സഖാക്കളെപ്പോലെയാണ് കടകളിലും വീടുകളിലും മറ്റുമൊക്കെ പിരിവ് കൊടുക്കേണ്ട തുക നിശ്ചയിച്ച് പിരിക്കുന്നത്. അവരും ഒറിജിനല്‍ സഖാക്കളും തമ്മില്‍ ഇക്കാര്യത്തില്‍ കുപ്പായത്തിന്റെ വ്യത്യാസമേ ഉള്ളുവെന്ന്‍ നാട്ടാർക്കൊരഭിപ്രായമുണ്ട്. കൂട്ടത്തില്‍ പറയണമല്ലോ ചില കേന്ദ്രമന്ത്രിമാർ പോലും യാത്രാച്ചിലവിനായി നേരിട്ടും അല്ലാതെയും മുട്ടുന്നുണ്ടത്രെ.

ലീ:     നെഹ്‌റുജി  ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞത് അറിയാമോ പണിക്കാ?

കു:      പൊതുവിജ്ഞാനം കമ്മിയാണേ.

ലീ:    അദ്ദേഹം പറഞ്ഞത്‌ഡെമോക്രസി ഈസ് കോസ്റ്റ്‌ലി എന്നാണ്.

കു:     അത് സർക്കാരിനെ സംബന്ധിച്ചല്ലേ ലീഡറേ.

ലീ:    ഈ സർക്കാരെന്നു പറഞ്ഞാ ആരാ. നമ്മളൊക്കെത്തന്നെയല്ലേ. അപ്പോള്‍ ചിലവുണ്ടാവും. ജനാധിപത്യത്തെ നിലനിർത്തേണ്ടേ പണിക്കാ.

കു:   വേണം വേണം. വളരെ അത്യാവശ്യം. അതുകൊണ്ടാവും അദ്ദേഹത്തിന്റെ യാത്രയുടെ മുദ്രാവാക്യം 'സമൃദ്ധകേരളം സുരക്ഷിതകേരളം ' എന്നാക്കിയത് അല്ലേ?

ലീ:    സംശയമെന്ത്. അതുതന്നെ.

കു:    ഒരു സംശയം. ചെന്നിത്തലയദ്ദേഹം യാത്ര പുറപ്പെടും മുൻപ് പറയുകയുണ്ടായി, യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോൾ കേരളത്തിന്റെ വികസനമുഖം മാറുമെന്നു. ഒരുപക്ഷേ കേരളവികസനത്തിന് ആവശ്യമായ മൂലധനം സമാഹരിക്കലാവുമോ ഇപ്പോൾ യാത്രയ്‌ക്കൊപ്പം നടക്കുന്നത്. പാർട്ടികളും ഇപ്പോൾ നേരിട്ട് വ്യവസായവും ചാനലുകളുമൊക്കെ നടത്തുന്നുണ്ടല്ലോ. അങ്ങിനെയെങ്കില്‍ കേരളത്തിന്റെ മുഖച്ഛായ മാറുന്നതിന് ആവശ്യമായ മൂലധനം ഒരുപക്ഷേ കിട്ടിയേക്കുമെന്ന് തോന്നുന്നു.

ലീ:      ബുദ്ധിക്കെന്തോ കാര്യമായ കുഴപ്പം സംഭവിച്ചിട്ടുണ്ടല്ലോ പണിക്കാ. കേരളത്തിന്റെ അടുത്തഘട്ട സമൃദ്ധിയിലേക്ക് യാത്ര തുടരണമെങ്കില്‍ തിരഞ്ഞെടുപ്പൊക്കെ ജയിക്കേണ്ടേ. പാർലമെന്ററി സംവിധാനത്തില്‍ അധികാരം ലഭ്യമാകാതെ സ്വപ്നങ്ങൾ എങ്ങിനെ നടപ്പിലാക്കാൻ പറ്റും പണിക്കാ. പാർലമെന്റ് തിരഞ്ഞെടുപ്പൊക്കെ ഇങ്ങു വന്നു മുട്ടിനില്‍ക്കുന്നതൊക്കെ പണിക്കൻ മറക്കുന്നു.

കു:    അയ്യോ, അങ്ങിനെയെങ്കില്‍ ആ പാവത്തിനെ ഇങ്ങനെയിട്ട് വെയിലുകൊള്ളിക്കണമായിരുന്നോ. ഇപ്പോ ഗൾഫിലേപ്പോലെ ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്നുവരെ പുറത്തു പണിയെടുക്കുന്നവർക്ക് സർക്കാർ നിർബന്ധിത വിശ്രമം പ്രഖ്യാപിച്ചിരിക്കുവാ. അപ്പോ അമ്മാതിരി ചൂടുള്ളുപ്പോ ഇത് വേണ്ടിയിരുന്നില്ല. ലീഡർ പറയുംപോലെ തിരഞ്ഞെടുപ്പിലേക്കായിരുന്നുവെങ്കില്‍ ഭരണം കയ്യിലിരിക്കുവല്ലേ. വല്ല പാടുമുണ്ടോ എത്രവേണമെങ്കിലും ഒപ്പിക്കാൻ.

ലീ:     ഹ ഹ ഹ… ഭരണം ആരുടെ കയ്യിലാന്നറിയില്ലേ ഈ മണ്ടന്‍ പണിക്കന്. അത് നമ്മുടെ ചാണ്ടിയുടെ കയ്യിലല്യോ. അപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പിന് മുഖ്യന്റെ ആൾക്കാര് മാത്രം മതിയെന്നാണോ പണിക്കൻ പറയുന്നത്. ഈ പണിക്കന് വന്ന്‍ വന്ന്‍ സാമാന്യബുദ്ധിപോലും നഷ്ടപ്പെട്ട അവസ്ഥയായിരിക്കുന്നു. കഷ്ടം. രാഷ്ട്രീയ പ്രബുദ്ധത, പ്രബുദ്ധത എന്നൊക്കെ പറയുന്നുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി അറിയില്ല. കഷ്ടം തന്നെ പണിക്കാ.

കു:     ക്ഷമിക്കണം. മനസ്സിലായി.

ലീ:     എന്തു മനസ്സിലായി.

കു:     ഞങ്ങൾ ജനങ്ങൾക്കുവേണ്ടിയും ജനാധിപത്യത്തെ നിലനിർത്താനും ലീഡർമാർ പെടുന്ന പാട് ചില്ലറയല്ലെന്ന്. ജനാധിപത്യം ചിലവേറിയതാണ്. പിന്നെ, തീയില്‍ കുരുത്തവർ വെയിലത്ത് വാടില്ല. അല്ലായിരുന്നെങ്കില്‍ സൂര്യാഘാതമേറ്റ് ലീഡർ രമേശ് ചെന്നിത്തലയൊക്കെ എന്നേ വാടിയേനേ. അമ്മാതിരി ചൂടല്ലേ. തീയില്‍ കുരുത്ത് വെയിലത്തു വാടാത്ത നേതാക്കൾ വേണം ഞങ്ങളെയൊക്കെ ഭരിക്കാൻ. എങ്കിലേ സമൃദ്ധവും സുരക്ഷിതവുമായ കേരളവും ഉണ്ടാവുകയുള്ളു. യാത്രാച്ചിലവ് ഇത്തിരി കൂടിയാലും വേണ്ടില്ല. നമ്മുടെ നാട് സമൃദ്ധവും സുരക്ഷിതവുമായിരിക്കുമല്ലോ. ഒരു കാര്യം അദ്ദേഹം പറഞ്ഞത് ശരിതന്നെയാണേ. തിരുവനന്തപുരത്ത് യാത്ര എത്തുന്നതിനു മുമ്പുതന്നെ നാഷണല്‍ ഹൈവേയുടെ മുഖച്ഛായ ആകെ മാറി. മമ്മൂട്ടിയും മോഹൻലാലും ഫഹദുമൊന്നുമല്ല ഇപ്പോൾ ഹൈവേയുടെ ഇരുവശത്തേയും താരങ്ങൾ. ചെന്നിത്തലയദ്ദേഹം തന്നെയാണ്. നല്ല ഗ്ലാമറുമാണേ.

ലീ:     ആവൂ. എന്തായാലും പണിക്കന് ലേശം വിവരം വച്ചുവെന്നു തോന്നുന്നു. കേരളത്തിൻറെ സമൃദ്ധിയില്‍ താല്‍പ്പര്യമുള്ളവർ വയ്ക്കുന്ന പോസ്റ്ററുകളാണത്. അതാണ് ജന്മനാടിനോടുള്ള സ്നേഹം. കേരളത്തിന്റെ സമൃദ്ധമായ അന്തരീക്ഷത്തില്‍ വ്യാപാരവും വ്യവസായവും നടത്തുന്നവർ രാജ്യത്തിനുവേണ്ടി ത്യാഗമനുഭവിക്കുന്നരെ ഓർത്ത് ചെയ്യുന്ന സ്‌നഹപ്രകടനം.

കു:     ന്നാലും, ഒരു സന്ദേഹം ബാക്കിയുണ്ട്.

ലീ:     എന്താണാവോ അത്?

കു:      അടുത്തുതന്നെ വേറെ ആരെങ്കിലും കാസർകോഡുനിന്ന്‍ യാത്ര തുടങ്ങാൻ സാധ്യതയുണ്ടോ?

ലീ:      പണിക്കാ എനിക്കു പ്രാർഥനയ്ക്ക് സമയമായി. നമുക്കിനി പിന്നീടാവാം. 

 

Tags