Skip to main content

daniel manciniന്യൂഡല്‍ഹി: ഇറ്റലിയുടെ ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മന്‍സിനി രാജ്യം വിടരുതെന്ന് സുപ്രീം കോടതി. മാര്‍ച്ച് 18 ന് കോടതിയില്‍ ഹാജരായി കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കില്ലെന്ന നിലപാട് വിശദീകരിക്കാനും സ്ഥാനപതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയാല്‍ നാവികരെ തിരിച്ചെത്തിക്കാമെന്നു സ്ഥാനപതി കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു.

രണ്ട് നാവികര്‍ക്കും ഇന്ത്യയില്‍ തിരിച്ചത്തി മാര്‍ച്ച് 18 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്.  തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി നാട്ടിലേക്ക് പോകാന്‍ ഫിബ്രവരി 22 നാണ് ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് നാവികര്‍ക്ക് സാല്‍വത്തോരെ ജിരോനെക്കും മാസിമിലിയാനോ ലത്തോരെക്കും നാലാഴ്ചത്തേക്ക് ജാമ്യം നല്‍കിയത്.

2012 ഫിബ്രവരി 15-നാണ് നീണ്ടകര തുറമുഖത്തിനടുത്ത് ഇറ്റാലിയന്‍ കപ്പലായ എന്‍ റിക ലെക്‌സിയില്‍ സുരക്ഷാ ചുമതല വഹിച്ചിരുന്ന നാവികരുടെ വെടിയേറ്റ് കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍-50), കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ കൊല്ലപ്പെട്ടത്. വിഷയത്തില്‍ കേരളത്തിന് കേസ്സെടുക്കാന്‍ അനുവാദമില്ലെന്നും ഇരുവരെയും വിചാരണ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ജനുവരിയില്‍ ഉത്തരവിട്ടിരുന്നു.

Tags