Skip to main content

പ്യോങ്‌യാങ്: ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഐക്യരാഷ്ട്രസഭ  ഉത്തരകൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം കിഴക്കനേഷ്യയില്‍ പ്രസ്താവനാ യുദ്ധങ്ങള്‍ക്ക് വഴി തുറക്കുന്നു. യു.എസ്സിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിക്ക് പിന്നാലെ ദക്ഷിണകൊറിയയുമായുള്ള എല്ലാ സമാധാന സന്ധികളും റദ്ദാക്കുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചു. സുരക്ഷാ സ്ഥിതി ഗുരുതരമാണെന്നും  പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈ പറഞ്ഞു.

 

ദക്ഷിണ കൊറിയയുമായുള്ള എല്ലാ സമാധാന ഉടമ്പടികളില്‍ നിന്നും പിന്‍മാറുകയാണെന്നാണ് ഉത്തര കൊറിയ പ്രഖാപിച്ചിരിക്കുന്നത്. 1953ലെ അവസാനിച്ച യുദ്ധത്തിനു ശേഷം ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മില്‍ ഒട്ടേറെ കരാറുകള്‍ നിലവിലുണ്ട്. 1991-ലെ സൈനിക സംഘര്‍ഷം ഇല്ലാതാക്കുന്നതിനുള്ള കരാറാണ് ഇവയില്‍ പ്രധാനം. 1971 മുതല്‍ നിലവിലുള്ള ഹോട്ട്‌ലൈന്‍ ബന്ധം വിച്ഛേദിക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു. അതിര്‍ത്തിയില്‍ ഇരുകൂട്ടരുടേയും സഹകരണത്തോടെ സ്ഥാപിച്ച ചെക്ക് പോസ്റ്റുകള്‍ ഉപേക്ഷിക്കുമെന്നും പ്രഖാപിച്ചിട്ടുണ്ട്.

 

ഐക്യരാഷ്ട്രസഭയുടെ വിലക്ക് ലംഘിച്ച് മൂന്നുവട്ടം ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയക്കെതിരെ കഴിഞ്ഞ ദിവസം രക്ഷാസമിതി  ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉത്തര കൊറിയയുടെ ഏക സഖ്യരാഷ്ട്രമായ ചൈനയും ഉപരോധത്തെ അനുകൂലിച്ചു. ഉത്തരകൊറിയയുടെ ആണവപരിപാടികളും ഭൂഖണ്ഡാന്തര മിസൈല്‍ നിര്‍മാണ പദ്ധതികള്‍ സ്തംഭിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട സാങ്കതേികവിദ്യയുടെ കയറ്റുമതി തടയുക എന്നിവയാണ് ഉപരോധം ലക്ഷ്യമിടുന്നത്.  ഇതിനു പിന്നാലെ ശത്രുരാജ്യമായ യു.എസ്സിനെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ഉത്തര കൊറിയയുടെ നേതാവ് കിം ജോംഗ് അന് മുന്നറിയിപ്പ് നല്‍കിയിരുന്നു.