Skip to main content
റാമല്ല

mahmud abbas

 

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിന് ആഗോള അംഗീകാരം നേടുകയെന്ന ലക്ഷ്യവുമായി അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി അടക്കം 20 ആഗോള ഉടമ്പടികളുടെ ഭാഗമാകാനുള്ള നടപടികള്‍ പലസ്തീന്‍ ആരംഭിച്ചു. ഇസ്രയേലുമായി തര്‍ക്കം പരിഹരിക്കുന്നതിനും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാ സമിതി ചൊവ്വാഴ്ച തള്ളിയതിന് പിന്നാലെയാണ് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ പുതിയ നീക്കം.

 

റാമല്ലയില്‍ പലസ്തീന്‍ നേതാക്കളുടെ യോഗത്തില്‍ തത്സമയം സംപ്രേഷണം ചെയ്ത ചടങ്ങിലാണ് 20 അന്താരാഷ്‌ട്ര ഉടമ്പടികളുടെ ഭാഗമാകാനുള്ള അഭ്യര്‍ഥനകളില്‍ അബ്ബാസ്‌ ഒപ്പ് വെച്ചത്. അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി സ്ഥാപിച്ച റോം സ്റ്റാറ്റ്യൂട്ട് ആണ് ഇതില്‍ പ്രധാനം. അംഗരാജ്യങ്ങള്‍ക്കെതിരെ യുദ്ധകുറ്റങ്ങളും വംശഹത്യാ കുറ്റങ്ങളും മാനവരാശിയ്ക്കെതിരായ കുറ്റങ്ങളും മറ്റും പരിഗണിക്കാന്‍ അധികാരമുള്ളതാണ് ഹേഗ് ആസ്ഥാനമായ കോടതി. കോടതിയിലെ 139 അംഗങ്ങളില്‍ 122 എണ്ണം രാഷ്ട്രങ്ങളാണ്.    

 

ഇസ്രയേല്‍ ദിവസവും തങ്ങളേയും തങ്ങളുടെ ഭൂമിയേയും ആക്രമിക്കുകയാണെന്നും തങ്ങള്‍ ആരോടാണ് പരാതിപ്പെടേണ്ടതെന്നും അബ്ബാസ് ചോദിച്ചു. രക്ഷാസമിതി തങ്ങളെ നിരാശപ്പെടുത്തിയതായും തങ്ങളുടെ പരാതികള്‍ അന്താരാഷ്‌ട്ര സ്ഥാപനങ്ങളുടെ മുന്നില്‍ വെക്കാന്‍ ആഗ്രഹിക്കുന്നതായും അബ്ബാസ് പറഞ്ഞു.   

 

സ്ഥിരാംഗമായ യു.എസ് വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് അറിയിച്ചിരുന്നതിനാല്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പ്രമേയം സ്വീകരിക്കപ്പെടില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍, 15 അംഗ സമിതിയില്‍ പ്രമേയം പാസാക്കുന്നതിന് ആവശ്യമായ ഒന്‍പത് വോട്ടുകള്‍ പ്രതീക്ഷിച്ചതുപോലെ പലസ്തീന്‍ പ്രമേയത്തിന് ലഭിച്ചില്ല. ഒരു രാജ്യം അവസാന നിമിഷം നിലപാട് മാറ്റിയതിനാലാണ് ഇതെന്ന് അബ്ബാസ് പറഞ്ഞു. പ്രമേയത്തെ പിന്തുണച്ച യൂറോപ്യന്‍ രാഷ്ട്രങ്ങളായ ഫ്രാന്‍സിനും ലക്സംബര്‍ഗിനും നന്ദി പറഞ്ഞ അബ്ബാസ് അടുത്ത തവണ പ്രമേയം സമിതിയില്‍ എത്തുമ്പോള്‍ യു.എസ് തങ്ങളുടെ നിലപാട് മാറ്റി വീറ്റോ പ്രയോഗിക്കില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  

 

ഇസ്രയേലുമായുള്ള തര്‍ക്കം ഒരു വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുന്നതിനും കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രൂപീകരിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതായിരുന്നു ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം. 1967-ല്‍ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജെറുസലേം, ഗസ്സ മുനമ്പ്‌ തുടങ്ങിയ പ്രദേശങ്ങള്‍ കയ്യടക്കുന്നതിന് മുന്‍പുണ്ടായിരുന്ന അതിര്‍ത്തികളുടെ അടിസ്ഥാനത്തിലാകണം പ്രശ്നപരിഹാര ചര്‍ച്ചകള്‍,  2017-നകം ഇസ്രായേലി സൈന്യം വെസ്റ്റ്‌ ബാങ്കില്‍ നിന്ന്‍ പിന്മാറണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പ്രമേയം മുന്നോട്ടുവെച്ചിരുന്നു.

Tags