വിവാദമായ കുറ്റവിചാരണ പ്രക്രിയ പൂര്‍ത്തിയാക്കി ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പാര്‍ലിമെന്റ് സ്ഥാനത്ത് നിന്ന്‍ നീക്കി. തെരഞ്ഞെടുപ്പ് വിജയത്തിനായി ബജറ്റ് കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്നതായിരുന്നു അവര്‍ക്കെതിരെയുള്ള ആരോപണം. ഇതോടെ തൊഴിലാളി പാര്‍ട്ടിയുടെ രാജ്യത്തെ തുടര്‍ച്ചയായ 13 വര്‍ഷത്തെ ഭരണത്തിന് അന്ത്യമായി.
വൈസ് പ്രസിഡന്റായിരുന്ന മൈക്കല്‍ ടെമര്‍ പ്രസിഡന്റായി അധികാരമേറ്റിട്ടുണ്ട്. കുറ്റവിചാരണയുടെ ഭാഗമായി റൂസഫിന്റെ പദവി കഴിഞ്ഞ മേയ് മുതല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട വേളയില്‍ ടെമര്‍ ആയിരുന്നു പ്രസിഡന്റിന്റെ ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത്.
രണ്ട് വര്ഷം മുന്‍പാണ് റൂസഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, തുടര്‍ന്ന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വന്‍ അഴിമതി കേസുകളും അവരുടെ രാജിക്കായുള്ള പ്രക്ഷോഭങ്ങളിലേക്ക് നയിക്കുകയായിരുന്നു.
കുറ്റവിചാരണയും പുറത്താക്കലും ബ്രസീല്‍ സമൂഹത്തെ രാഷ്ട്രീയമായി ധ്രുവീകരിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും റൂസഫിനെ അനുകൂലിച്ച് വന്‍ പ്രകടനങ്ങള്‍ തൊഴിലാളി പാര്‍ട്ടി പ്രവര്‍ത്തകര്‍സാവോ പോളോയില്‍ നടത്തി. പാര്‍ലിമെന്റ് അട്ടിമറിയാണ് നടത്തിയിരിക്കുന്നതെന്നും ബ്രസീലിലെ തൊഴിലാളികള്‍ക്കൊപ്പം പോരാട്ടം തുടരുമെന്ന് റൂസഫ് പറഞ്ഞു.
