കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന്‍ കരുതുന്ന അവശിഷ്ടങ്ങളും യാത്രക്കാരുടേതെന്ന്‍ കരുതുന്ന ശരീരങ്ങളും തിരച്ചില്‍ സംഘം ചൊവ്വാഴ്ച കണ്ടെത്തി. യാത്രക്കാര്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്ന്‍ അധികൃതര്‍ വ്യക്തമാക്കിയില്ല. ജീവന്‍ രക്ഷാ ജാക്കറ്റുകള്‍ ധരിക്കാത്ത നിലയിലായിരുന്ന ശരീരങ്ങള്‍ ഇന്തോനേഷ്യയുടെ നാവികസേനാ കപ്പലില്‍ എത്തിച്ചിട്ടുണ്ട്.
വിമാനത്തിന്റെ വാതിലുകള്‍ അടക്കം പത്ത് വലിയ അവശിഷ്ടങ്ങളും ഒട്ടേറെ ചെറിയ വെളുത്ത നിറത്തിലുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജാവ കടലിന് മുകളില്‍ വിമാനം കാണാതായ സ്ഥലത്ത് നിന്ന്‍ പത്ത് കിലോമീറ്റര്‍ അകലെയാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. താരതമ്യേന ആഴം കുറഞ്ഞ കടലിന്റെ അടിത്തട്ടില്‍ വിമാനത്തിന്റേത് എന്ന്‍ കരുതുന്ന നിഴലും കണ്ടെത്തിയതായി തിരച്ചില്‍ സംഘം അറിയിച്ചു.
ഞായറാഴ്ച ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന്‍ സിംഗപ്പൂരിലേക്ക് പോയ ഫ്ലൈറ്റ് ക്വു.സെഡ് 8501 ജെറ്റ് വിമാനം ആണ് പറന്ന് ഒരു മണിക്കൂറിനകം കാണാതായത്. മോശം കാലാവസ്ഥ കാരണം 5,000 അടി ഉയരത്തില്‍ പറക്കാന്‍ അനുമതി തേടിയ ശേഷം ഇന്തോനേഷ്യയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.
155 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും ഇന്തോനേഷ്യയ്ക്കാരാണ്. യാത്രക്കാരില്‍ കൈക്കുഞ്ഞും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് തിരച്ചിലിന് നേതൃത്വം കൊടുത്തത്.

