Skip to main content
ധാക്ക

Motiur Rahman Nizami

 

ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ മേധാവി മോതിയുര്‍ റഹ്മാന്‍ നിസാമിയ്ക്ക് 1971-ലെ വിമോചന യുദ്ധത്തിലെ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക ട്രിബ്യൂണല്‍ ബുധനാഴ്ച വധശിക്ഷ വിധിച്ചു. വിധി രാജ്യത്ത് സംഘര്‍ഷത്തിനിടയാക്കിയേക്കുമെന്ന് ആശങ്കയുണ്ട്. വിധിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതല്‍ മൂന്ന്‍ ദിവസം ദേശവ്യാപകമായി ബന്ദിന് ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്തിട്ടുണ്ട്.

 

കൂട്ടക്കൊല, ബലാല്‍സംഗം, കൊള്ള എന്നീ കുറ്റങ്ങളില്‍ അപരാധിയെന്ന്‍ കണ്ടാണ്‌  നിസാമിയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയ യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിനെ പിന്തുണക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിരുന്നത്. ഈ കാലയളവില്‍ കുപ്രസിദ്ധമായ അല്‍-ബദര്‍ സൈനിക സംഘത്തെ നയിച്ചിരുന്ന നിസാമി ഡോക്ടര്‍മാരും ബുദ്ധിജീവികളും അടങ്ങുന്നവരെ കൊല ചെയ്യുന്നതിന് നേതൃത്വം കൊടുത്തതായി ട്രിബ്യൂണല്‍ കണ്ടെത്തി.

 

2000 മുതല്‍ ജമാഅത്തെ ഇസ്ലാമിയുടെ മേധാവിയാണ് നിസാമി. നേരത്തെ, ഒരു സഖ്യസര്‍ക്കാറില്‍ മന്ത്രിസ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ വിഘടനവാദ സംഘടനകള്‍ക്ക് ആയുധം കടത്താന്‍ ശ്രമിച്ച മറ്റൊരു കേസില്‍ ജനുവരിയില്‍ നിസാമിയെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളതാണ്.

 

വിധി പ്രസ്താവിക്കുന്നതിന് മുന്‍പായി ബംഗ്ലാദേശിലെങ്ങും സുരക്ഷ കര്‍ശനമാക്കിയിരുന്നു. നേരത്തെ, സമാനമായ കുറ്റങ്ങളില്‍ സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ടപ്പോള്‍ രാജ്യത്ത് അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ജനുവരിയില്‍ നടന്ന വിവാദമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അക്രമങ്ങളില്‍ 500-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

2010-ല്‍ അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സര്‍ക്കാറാണ് വിമോചന യുദ്ധങ്ങള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിച്ചത്. പ്രധാനമായും ജമാഅത്തെ അംഗങ്ങളായ പത്തിലധികം പ്രമുഖ പ്രതിപക്ഷ നേതാക്കളെ ട്രിബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയും അന്താരാഷ്ട്ര നിരീക്ഷണം ഇല്ലാതെയുമുള്ള ട്രിബ്യൂണലിന്റെ പ്രവര്‍ത്തനങ്ങളെ മനുഷ്യാവാകാശ സംഘടനകള്‍ വിമര്‍ശിച്ചിട്ടുണ്ട്.  

 

എന്നാല്‍, യുദ്ധത്തിന്റെ മുറിവുകള്‍ ഉണക്കാന്‍ ഈ വിചാരണ നടക്കേണ്ടതുണ്ടെന്ന നിലപാടാണ് മതേതര സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന ഷെയ്ഖ് ഹസീന സ്വീകരിച്ചിട്ടുള്ളത്. മൂന്ന്‍ ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ ബംഗ്ലാദേശികള്‍ 1971 യുദ്ധത്തില്‍ മരിച്ചതായാണ് സ്വതന്ത്ര കണക്കുകള്‍. വിമോചന യുദ്ധത്തിന് നേതൃത്വം കൊടുത്ത ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റ് ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ മകളാണ് ഹസീന.